തിരുവനന്തപുരം: പുതിയ ഭൂവിനിയോഗ ബില്ലിനെതിരെ കൃഷി മന്ത്രി കെ.പി മോഹനനും രംഗത്ത്. ബില്ലിലെ വ്യവസ്ഥകള്‍ അതേപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കൃഷി ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Ads By Google

ബില്ലില്‍ നിര്‍ദേശിച്ച പ്രകാരമുള്ള വ്യവസ്ഥകള്‍ വെച്ച് കൃഷിഭൂമിയെ സംരക്ഷിക്കാന്‍ കഴിയില്ല. വന്യൂമന്ത്രി അടൂര്‍ പ്രകാശും എം.എല്‍.എമാരായ വി.ഡി.സതീശന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും കെ.എം.മാണിയുടെ വകുപ്പ് കൊണ്ടുവന്ന ഭൂവിനിയോഗ ബില്ലിനെ എതിര്‍ത്ത് നേരത്തെ രംഗത്തുവന്നിരുന്നു.

നെല്‍വയലുകള്‍ പൂര്‍ണമായും സംരക്ഷിക്കുകയെന്നത് പ്രായോഗികമല്ലെന്നും ഇരിപ്പു നിലങ്ങള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയെന്നുമാണ് പുതിയ ബില്ലില്‍ പറയുന്നത്. അനധികൃതമായി നെല്‍വയല്‍ നികത്തിയാലുള്ള ശിക്ഷ പതിനായിരം രൂപ പിഴയും ആറു മാസം തടവുമാക്കി ചുരുക്കിയിട്ടുമുണ്ട്. ഭൂവിനിയോഗം സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഭൂവിനിയോഗ കമ്മീഷന്‍ രൂപവത്കരിക്കണമെന്നുമാണ് ബില്ലില്‍ പറയുന്നത്.