Categories

വിലക്കയറ്റത്തോട് പൊരുതാന്‍ അടുക്കളകൃഷി

എന്താ പച്ചക്കറികളുടെയൊക്കെ വില. എല്ലാ വീട്ടമ്മമാരുടെയും ആവലാതിയാണിത്. എന്നാല്‍ ഈ കീടനാശിനി തളിച്ചതിനു പിന്നാലെ പോകാതെ എന്തെങ്കിലും വച്ചുപിടിപ്പിക്കരുതോ. അധികം അധ്വാനമില്ലാതെ ചെയ്യാന്‍ പറ്റുന്ന ചില കൃഷികളിതാ

വാഴപ്പഴം എന്നും മലയാളിയുടെ ഇഷ്ടഭക്ഷ്യസാധനങ്ങളിലൊന്നാണ്. ചിപ്‌സിനായാലും ഉന്നക്കായക്കായാലും പഴംപൊരിക്കായാലും ഏത്തപ്പഴം അടുക്കളയില്‍ ഉണ്ടായേ മതിയാവൂ. എന്നാല്‍ വില കേട്ടാല്‍ ഇതിനോടുള്ള കൊതിയടങ്ങിപ്പോകും.
നിങ്ങളുടെ വീടിനോടു ചേര്‍ന്ന് കുറച്ചു സ്ഥ്‌ലം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വാഴകൃഷി നടത്താം. നല്ലയിനം ഏതെങ്കിലും വാഴക്കന്ന് വാങ്ങി ചെറിയ ഒരു കുഴി കുത്തി അതില്‍ വെക്കുക. കുറച്ചു വലുതാകുന്നതുവരെ നനച്ചു കൊടുക്കുന്നത് നന്നായിരിക്കും. കുറച്ച് വലുതായശേഷം അതിനു ചുറ്റും മണ്ണ് കൂട്ടിക്കൊടുക്കുകയും ജൈവവളം ഇട്ട് കൊടുക്കുകയും ചെയ്യണം. വാഴ വളര്‍ന്നു കൊള്ളും.

എരിവ് മലയാളിക്കെന്നും ഇഷ്ടമാണ്. കാന്താരിമുളകും കഞ്ഞിയും എന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ്. കൂടാതെ കാന്താരി മുളക് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കിളച്ച് കുറച്ച് മണ്ണ് ഒരു ചട്ടിയിലോ മറ്റോ എടുക്കുക. അതില്‍ മുളക് വിത്ത് വിതറുക. ചെറുതായി ദിവസവും നനയ്ക്കണം. വിത്തുകള്‍ മുളച്ചു കഴിഞ്ഞ് ഏകദേശം പത്തുസെന്റീമീറ്റര്‍ വരെ ഉയരം വെക്കുമ്പോള്‍ ചെടി ഓരോന്നോരോന്നായെടുത്ത് മാറ്റി നടണം. മുളകുചെടി വളരുന്നതനുസരിച്ച് അതിനചുറ്റും മണ്ണ് ഇട്ടുകൊടുക്കണം. ചെടിവലുതായി മുളകുകള്‍ ഉണ്ടായാല്‍ എടുത്തുപയോഗിക്കാം.

രണ്ടുവര്‍ഷം കൂടുമ്പോള്‍ വിളവെടുക്കുന്ന പച്ചക്കറികളിലൊന്നാണ് ചേന. ചേന വിത്ത് കൂഴിച്ചിട്ട് പ്രത്യേകിച്ച് പരിപാലനം ഒന്നു ഇല്ലാതെ തന്നെ ചേന വളര്‍ന്നു കൊള്ളും. കുറച്ച് പച്ചിലവളം ഇട്ടുകൊടുക്കുന്നത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും. രണ്ടു വര്‍ഷം കഴിഞ്ഞ് ചേന കുഴിച്ചെടുക്കാം.

മരച്ചീനിയുടെ നല്ല കൊമ്പുകള്‍ ശേഖരിക്കുക. ഇത് ഏകദേശം ഇരുപതു സെന്റീമീറ്റര്‍ വലുപ്പത്തില്‍ വെട്ടുക.മണ്ണ് കിളച്ച്‌ശേഷം ചെറിയ ചെറിയ കൂനകളാക്കുക. അതില്‍ ചാരവും ചാണകവുമൊക്കെ ഇടാവുന്നതാണ്. ഈ കൂനകളില്‍ മരച്ചീനിക്കൊമ്പ് ചെറുതായി ചരിച്ച വെക്കുക. വേനല്‍ക്കാലത്തിന്റെ അവസാനമാണ് മരച്ചീനി കൊമ്പുവെക്കുന്നത്. ഇത് ഏപ്രില്‍ മെയ് മാസങ്ങളില്‍ മരച്ചീനി കിളച്ചെടുക്കാം.

ഇതിനു പുറമേ ചേമ്പും മഞ്ഞളും വെള്ളരിയും പാവയ്ക്കയും മുരിങ്ങയും പയറുമെല്ലാം വീട്ടിലുണ്ടാക്കാം. ചെയ്യാന്‍ താല്‍പര്യവും സ്ഥലവും ഉണ്ടായാല്‍ മാത്രം മതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.