തിരുവനന്തപുരം: അണ്ണാ ഹസാരെയോടൊപ്പം സമരത്തില്‍ അണിചേര്‍ന്നപ്പോള്‍ മുതലേ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്ന് സ്വാമി അഗ്നിവേശ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ അഗ്നിവേശ്.

മരണം വരെ ഉപവാസം എന്ന ഹസാരെയുടെ അഭിപ്രായത്തോടാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇതു കോര്‍ കമ്മിറ്റിയില്‍ ഉന്നയിക്കുകയും മിനുട്‌സില്‍ ഇക്കാര്യം ചേര്‍ക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ കൊണ്ടു വന്നിട്ടും നിരാഹാരം തുടര്‍ന്നതിനെ താന്‍ എതിര്‍ത്തു. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന അന്നുതന്നെ നിരാഹാരം നിര്‍ത്തണമെന്നായിരുന്നു തന്റെ ആവശ്യം. സര്‍ക്കാര്‍ ബില്ലില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാറ്റമൊന്നും വരുത്തില്ല എന്നായിരുന്നു കോര്‍ കമ്മിറ്റിയിലെ പലരുടെയും അഭിപ്രായം. ഇന്‍ഫര്‍മേഷന്‍ ആക്ടില്‍ 156 മാറ്റമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി വരുത്തിയത്്. സര്‍ക്കാര്‍ ബില്ല് അപ്പാടെ തള്ളിക്കളയുകയോ ഹസാരേയുടെ ജനലോക്പാല്‍ ബില്ലുമായി ചേര്‍ത്ത് പുതിയ ഒന്നുണ്ടാക്കുകയോ ചെയ്യാമെന്നു ചൂണ്ടിക്കാണിച്ചിട്ടും കോര്‍ കമ്മിറ്റി സമ്മതിച്ചില്ല-അഗ്നിവേശ് തന്റെ വിയോജിപ്പിന്റെ കാരണം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

അതേ സമയം, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസില്‍ അഗ്നിവേശ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. അമര്‍നാഥ് യാത്രയെ സംബന്ധിച്ച് സ്വാമി അഗ്നിവേശ് നടത്തിയ പരാമര്‍ശങ്ങള്‍ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് മനുഷ്യവകാശ പ്രവര്‍ത്തകന്‍ പ്രവീണ്‍ തയാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമി അഗ്നിവേശിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.