Administrator
Administrator
ജോണ്‍ എബ്രഹാമിന്റെ പേരിലുള്ള ഫിലിം ഫെസ്റ്റിവലില്‍ ‘അഗ്നിരേഖ’യ്ക്ക്‌ ബഹിഷ്‌കരണം
Administrator
Sunday 19th February 2012 1:53am


കെ.എം. ഷഹീദ്

കോഴിക്കോട്: ജോണ്‍ എബ്രഹാമിന്റെ പേരില്‍ ഫിലിം ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ നിന്ന് അടിയന്തരാവസ്ഥക്കാലത്ത് ആത്മത്യാഗം ചെയ്ത അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ കഥ പറയുന്ന സിനിമയെ ഒഴിവാക്കി. ഒഡേസ മൂവീസിന്റെ ബാനറില്‍ സി.വി സത്യന്‍ സംവിധാനം ചെയ്ത അഗ്നിരേഖ എന്ന ചിത്രമാണ് പ്രത്യേക കാരണമൊന്നും കൂടാതെ ഒഴിവാക്കിയിരിക്കുന്നത്.

പാലക്കാട്ട് 18ന് തുടങ്ങിയ മേള 21ന് അവസാനിക്കും. ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് ഒഡേസ സത്യന്‍ സംവിധാനം ചെയ്ത പല സിനിമകളും നേരത്തെ ഫെസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ഫിലിം ഫെഡറേഷന്‍ കേരള ഘടകം സി.പി.ഐ.എമ്മിന്റെ കൈപ്പിടിയിലാണെന്നും അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തോടുള്ള അസഹിഷ്ണുതയാണ് ചിത്രം ഒഴിവാക്കാന്‍ കാരണമെന്ന് കരുതുന്നതായും സത്യന്‍ പറഞ്ഞു.

‘ അഗ്നിരേഖ ഒഴിവാക്കാന്‍ കാരണമെന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. സംഘാടകരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലഭ്യമാവുന്നില്ല. സിനിമ ഉയര്‍ത്തിയ രാഷ്ട്രീയമാണ് ഒഴിവാക്കപ്പെടാന്‍ കാരണമെന്ന് സംശയിക്കുന്നു’- ഒഡേസ സത്യന്‍ വ്യക്തമാക്കി.

‘ അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷത്വമാണ് സിനിമ പ്രധാനമായും പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ചെറുത്ത് നില്‍പ്പും ഭരണകൂട അടിച്ചമര്‍ത്തലുകളുമാണ് സിനിമയില്‍ വ്യക്തമാക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ലാത്തി ചാര്‍ജ്ജില്‍ എ.കെ.ജിക്ക് കൈക്ക് പരിക്കേറ്റു. ബാന്‍ഡേജ് കെട്ടിയ കൈയ് ഉയര്‍ത്തിക്കാട്ടിയാണ് എ.കെ.ജി പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്. എന്നാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ അന്ന് ദേശാഭിമാനി തയ്യാറായിരുന്നില്ല. ഒരു രഹസ്യ പത്രമാണ് അത് റിപ്പോര്‍ട്ട് ചെയ്തത്.

ദേശാഭിമാനിക്ക് വേണ്ടി പണപ്പിരിവിനായി പാര്‍ട്ടി ഫ്രാക്ഷന്‍ വിളിച്ചു ചേര്‍ത്തപ്പോള്‍ അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ ഇക്കാര്യം ചോദ്യം ചെയ്തിരുന്നു. എ.കെ.ജിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത ദേശാഭിമാനിക്ക് വേണ്ടി നാമെന്തിന് പണപ്പിരിവ് നടത്തണമെന്നാണ് അന്ന് ബാലകൃഷ്ണന്‍ ചോദിച്ചത്. എന്നാല്‍ ഇത് ചോദിച്ചതിന് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണുണ്ടായത്. എന്‍.ജി.ഒ യൂണിയനില്‍ നിന്ന് പുറത്താക്കിക്കൊണ്ട് പിറ്റേന്ന് ദേശാഭിമാനി ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇക്കാര്യങ്ങളെല്ലാം ബാലകൃഷ്ണനൊപ്പമുണ്ടായിരുന്ന പ്രഭാകരന്‍ മാഷ് സിനിമയില്‍ പറയുന്നുണ്ട്. ഇത്തരം രാഷ്ട്രീയ കാരണങ്ങളും ഒഴിവാക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടാവും.

odesa-satyanസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അങ്ങാടിപ്പുറം ബാലകൃഷ്ണനെ നക്‌സല്‍ ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടു പോകുമ്പോഴാണ് രക്ത സാക്ഷിത്വം വരിച്ചത്. സഹപ്രവര്‍ത്തകനായ പ്രഭാകരന്‍ മാഷോട് രക്ഷപ്പെടാന്‍ പറഞ്ഞ് പോലീസ് ഡി.വൈ.എസ്.പിയെ കെട്ടിപ്പിടിച്ച് ബാലകൃഷ്ണന്‍ തീക്കൊളുത്തി മരിക്കുകയായിരുന്നു. നക്‌സലൈറ്റ് ചരിത്രത്തിലെ തുല്യതയില്ലാത്ത ഒരേടാണ് അങ്ങാടിപ്പുറം ബാലകൃഷ്ണന്റെത്. അധികമൊന്നും രേഖപ്പെടുത്താതെ പോയ ഈ ചരിത്രമാണ് താന്‍ സിനിമയാക്കിയത്- സത്യന്‍ വ്യക്തമാക്കുന്നു.

സിനിമ ഒഴിവാക്കാന്‍ കാരണമുണ്ടെങ്കില്‍ അത് പറയാന്‍ അവര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോഴിക്കോടും തൃശൂരും വയനാട്ടിലും പല വേദികളിലായി സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുംബൈയില്‍ നാല് വേദികളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. അവിടെ നിന്നെല്ലാം വളരെ നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1976 മാര്‍ച്ച് 8ന് പോലീസ് മൃഗീയ മര്‍ദ്ധനത്തിന്ന് ശേഷം ബാലകൃഷ്ണനേയും സൂഹൃത്ത് പ്രഭാകരണേയും കക്കയം ക്യാമ്പിലേക്ക് കൊണ്ടു പോകുമ്പോള്‍ ജീപ്പിലുണ്ടായിരുന്ന പെട്രോള്‍ കന്നാസിന്ന് തീകൊടുത്ത ബാലകൃഷണന്‍ അഗ്‌നിജ്വാലകളില്‍ കിടന്ന് കൊണ്ട് പോലീസ് മര്‍ദ്ദനത്തിനെതിരേ മുദ്രാവാക്യം വിളിച്ച് രക്തസാക്ഷിയാവുകയായിരുന്നു.

സര്‍വേ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണന്‍ കുടുംബത്തോടൊപ്പം മലപ്പുറം അങ്ങാടിപ്പുറത്ത് വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആളിക്കത്തിയ ജീപ്പില്‍ ഗുരുതരമായി പൊള്ളലേറ്റ ഡി.വൈ.എസ്.പി ബാല സുബ്രമണ്യനും മരിച്ചു. സി.ഐ അടക്ക മുള്ളവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

ജീപ്പില്‍ നിന്ന് രക്ഷപ്പെട്ട പ്രഭാകരന്‍ ആശുപത്രിയിലും പോലീസ്‌ക്യാമ്പിലും ജയിലിലുമായി ദീര്‍ഘനാള്‍ കഴിഞ്ഞു. ഇപ്പോള്‍ അങ്ങാടിപ്പുറത്ത് ട്യൂട്ടോറിയല്‍ കോളേജ് നടത്തുകയാണിദ്ദേഹം. ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിത സാഹചര്യവും പ്രഭാകര്‍ന്റെ ഓര്‍മ്മകളും കൂട്ടിചേര്‍ത്താണ് സിനിമ നിര്‍മ്മിച്ചത്.

Malayalam news

Kerala news in English

Advertisement