മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത് കളത്തിലെ ആക്രമണോത്സുകതയുടെ പേരിലാണ്. എന്നാല്‍ ഇന്ത്യന്‍ നായകന്റെ ഈ പെരുമാറ്റം ടീമിനു ഗുണം മാത്രമേ ചെയ്യാറുള്ളൂവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യാ രഹാനെ.

കോഹ്‌ലി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നാണ് താരം പറയുന്നത്. ഓസീസ് താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീകോക്കും തമ്മില്‍ ഡ്രസിങ്ങ് റൂമില്‍ നടന്ന വാഗ്വാദം സംഘര്‍ഷത്തിലേക്ക് നീങ്ങിയത് ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് കോഹ്‌ലിയുടെ അക്രമണോത്സുകതയെക്കുറിച്ച് രഹാനെ മനസ് തുറന്നത്.


Dont Miss: ‘മുംബൈയുടെ ഹിറ്റ്മാന്‍ രോഹിത്തല്ല’; മുംബൈപ്പടയുടെ പുതിയ സിക്‌സ് ഹിറ്റിങ്ങ് മെഷീന്‍ ഈ യുവതാരമാണ്


പ്രകോപനങ്ങളാണ് വിരാടിനു മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സഹായകമാകുന്നതെന്നാണ് താരം പറയുന്നത്. ‘ഞാന്‍ കരുതുന്നത് വിരാടിനു പ്രകോപനം ഉണ്ടാകുമ്പോഴാണ് അയാള്‍ മികച്ച രീതിയില്‍ കളിക്കുന്നത് എന്നാണ്. ബാറ്റു ചെയ്യുമ്പോഴോ ഫീല്‍ഡ് ചെയ്യുമ്പോഴോ ഉള്ള അദ്ദേഹത്തിന്റെ ആക്രമണോത്സുക സമീപനത്തില്‍ നിന്നു യാതൊരു മാറ്റവും ടീമിനു വേണ്ട.’ രഹാനെ പറഞ്ഞു.

കോഹ്‌ലിയുടെ കീഴിലെ ഉപനായക സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് രഹാനെ ക്യാപ്റ്റന്റെ ഈ സമീപനത്തെക്കുറിച്ച് മറുപടി പറഞ്ഞത്.