കോഴിക്കോട്: മലബാര്‍ മേഖലയില്‍ പത്ര ഏജന്റുമാരുടെ ടൈംസ് ഓഫ് ഇന്ത്യാ ബഹിഷ്‌കരണം രണ്ടാം ദിവസത്തിലേക്ക് കടന്നു. പത്ര ഏജന്റുമാരുടെ ഡിമാന്റ് നോട്ടീസ് ചര്‍ച്ച ചെയ്യാത്തതിലും കമ്മീഷന്‍ അപാകത പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

കേരളത്തില്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രസിദ്ധീകരണം തുടങ്ങിയ ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിയോടൊപ്പം കോമ്പോ പാക്കേജായിട്ടാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിച്ചിരുന്നത്. ഒരു പത്രം വിതരണം ചെയ്യുമ്പോള്‍ ഏജന്റിന് 26% കമ്മീഷനാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യുയും ഒരുമിച്ച് വിതരണം ചെയ്യുമ്പോള്‍ ഏജന്റിന് 33% മാത്രമാണ് കമ്മീഷനായി ലഭിക്കുകയെന്ന് കേരള ന്യൂസ്‌പേപ്പര്‍ ഏജന്‍സി യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജില്ലാ സെക്രട്ടറി കെ. എ നാസര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ മറ്റ് സംസ്ഥാനങ്ങളില്‍ ടൈംസ് ഓഫ് ഇന്ത്യ വിതരണക്കാരന് നല്‍കുന്ന കമ്മീഷന്‍ 50% മാണ്. ഇവിടെ മറ്റ് പത്രങ്ങള്‍ക്കൊപ്പം ടൈംസ് ഓഫ് ഇന്ത്യ വിതരണം ചെയ്യുമ്പോള്‍ 24.5% കമ്മീഷന്‍ നല്‍കുന്നുണ്ട്. ഇതനുസരിച്ച് മാതൃഭൂമിക്കൊപ്പം വിതരണം ചെയുയമ്പോള്‍ 50.5% കമ്മീഷന്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ അവര്‍ നല്‍കുന്നത് 33% മാത്രമാണ്. അതായത് ആറ് രൂപയുടെ പത്രം വിതരണം ചെയ്യുമ്പോള്‍ 1.90 പൈസ കമ്മീഷന്‍ മാത്രം.’ നാസര്‍ പറഞ്ഞു.

ഡെപ്പോസിറ്റുള്ളതിനാല്‍ എത്ര കെട്ട് പത്രമയച്ചാലും വിതരണക്കാര്‍ ഏറ്റെടുത്തുകൊള്ളുമെന്നുള്ള ധാര്‍ഷ്ട്യമാണ് മാതൃഭൂമിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏജന്റുമാര്‍ നേരത്തെ മാതൃഭൂമിക്കും ടൈംസ് ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു മറുപടിയുമുണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ മാതൃഭൂമിക്കൊപ്പമുള്ള ടൈംസ് ഓഫ് ഇന്ത്യ ഇവര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

പത്രവിതരണക്കാര്‍ രണ്ട് മാസത്തെ പത്രത്തിന്റെ വില മുന്‍കൂറായി ഡെപ്പോസിറ്റ് ചെയ്താല്‍ മാത്രമേ പത്രകെട്ടുകള്‍ വിതരണത്തിന് നല്‍കുകയുള്ളൂ. ഈ തുകയുടെ ധൈര്യത്തിലാണ് പത്രമുതലാളികള്‍ ഏജന്റുമാരെ പലതരത്തില്‍ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഏജന്റുമാരുടെ പ്രതിഷേധം വകവെക്കാതെ പത്രക്കെട്ടുകള്‍ അയക്കുന്നത് മാതൃഭൂമി തുടരുകയാണെങ്കില്‍ മാതൃഭൂമി പത്രവും ബഹിഷ്‌കരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ അസോസിയേഷന്റെ തലപ്പത്ത് മാതൃഭൂമിയുടെയും ടൈംസ് ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ ഉള്ളതുകൊണ്ടാണ് ഏജന്റുമാര്‍ക്കെതിരെ ഇവര്‍ ധിക്കാരമായ നടപടി സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമിയുടെ ഓഹരി ടൈംസ് ഓഫ് ഇന്ത്യ വാങ്ങാന്‍ നോക്കിയപ്പോള്‍ പത്രത്തെ രക്ഷിക്കാനായി മനുഷ്യച്ചങ്ങല സംഘടിപ്പിച്ചവരാണ് ഈ നാട്ടിലെ ജനങ്ങള്‍. ഇന്ന് അതേ ടൈംസ് ഓഫ് ഇന്ത്യയെ കൂട്ടുപിടിച്ച് മാതൃഭൂമി ഏജന്റുമാരെ ചതിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുമ്പ് പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ മകന്‍ എം.ഡി നാലപ്പാട് പാരമ്പര്യമായി കിട്ടിയ മാതൃഭൂമിയുടെ ഓഹരി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വില്‍ക്കാന്‍  ശ്രമിച്ചിരുന്നു. ഈ ശ്രമത്തെ എതിര്‍ക്കുവാനായി ഉത്തരേന്ത്യന്‍ കുത്തക കമ്പനിക്ക് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായ മാതൃഭൂമി പത്രത്തിന്റെ ഓഹരി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അന്നത്തെ പ്രക്ഷോഭം.