Categories
boby-chemmannur  

ഏജന്റ് വിനോദിന് മുടക്ക് മുതല്‍ കിട്ടുമോ?

മുംബൈ: അവന്‍ വന്നു, നമ്മള്‍ കണ്ടു, പക്ഷേ അവന്‍ കീഴടക്കിയില്ല, ഏജന്റ് വിനോദിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. സെയ്ഫ് അലിഖാന്‍ വലിയ തുടക്കമാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഏജന്റ് വിനോദിനുവേണ്ടി അദ്ദേഹം നിക്ഷേപിച്ച പണവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രവലിയ ഓപ്പണിംഗ് ഇതിന് ലഭിച്ചിട്ടില്ലെന്നാണ് ബോളിവുഡ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഏജന്റ് വിനോദ് കലക്ട് ചെയ്തത് 27 കോടിയാണ്. ഈ നേട്ടം ചെറുതാണെന്നാണ് പ്രമുഖ നിരീക്ഷകന്‍ കോമള്‍ നാഹ്ത പറയുന്നത്. ഏജന്റ് വിനോദ് ഇതിനെക്കാള്‍ കൂറേക്കൂടി നേടേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

‘ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രം കുറച്ച് നീണ്ടുപോയി. കൂടാതെ ക്ലൈമാക്‌സ് അവിചാരിതമായി കോമഡിയായിപ്പോയി.’ കോമള്‍ പറയുന്നു.

ചിത്രത്തിനുവേണ്ടി നിക്ഷേപിച്ച 65 കോടി വീണ്ടെടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മറ്റൊരു ട്രേഡ് എക്‌സ്‌പേര്‍ട്ട് അമോദ് മെഹ്‌റയും അഭിപ്രായപ്പെട്ടു. ‘ 15 കോടിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് പോയത്. വിദേശങ്ങളിലെ കളക്ഷനുമൊക്കെ വച്ച് നോക്കിയാലും ചിത്രംവിജയിക്കുമെന്ന് പറയാനാവില്ല.’ അദ്ദേഹം വ്യക്തമാക്കി.

പരീക്ഷക്കാലമായതിനാല്‍ ഫാമിലി പ്രേക്ഷകര്‍ തിയ്യേറ്ററില്‍ എത്തുന്നത് കുറഞ്ഞതും ചിത്രത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വിതരണക്കാരന്‍ പറയുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയല്ല ചിത്രത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News in English

Tagged with: |


വെടി നിര്‍ത്തല്‍ പ്രഖ്യാപനമില്ലെന്ന് ബോകോ ഹറാം തീവ്രവാദികള്‍

നൈജീരിയ: സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനെതിരെ ബോകോ ഹറാം തീവ്രവാദികള്‍. ഒക്ടോബര്‍ 17 നായിരുന്നു സര്‍ക്കാര്‍ തീവ്ര വാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. ബോകോ ഹറാം നേതാവ് അബൂബക്കര്‍ ഷിക്കാവുവാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തെ തള്ളിയത്. അതേ സമയം കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ തട്ടി കൊണ്ട് പോയ 219 പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിപ്പിച്ചതായും ബോകോ നേതാവ് പറഞ്ഞു. തങ്ങള്‍ യാതൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കും തയാറല്ല എന്നാണ് വീഡിയോ സന്ദേശത്തില്‍ അബൂബക്കര്‍ പറഞ്ഞത്. 2009 മുതലാണ് നൈജീരീയയില്‍  ബോകോ ഹറാം തീവ്രവാദികള്‍ പോരാട്ടം ശക്തമാക്കിയത്. വീഡിയോ സന്ദേശം പുറത്ത് വന്നത് സര്‍ക്കാറിനു വന്‍ പ്രഹരമായി. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്തതും സമാധാന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയും ബോകോകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം 500ലധികം സ്ത്രീകളും പെണ്‍കുട്ടികളുമാണ് തീവ്രവാദികളുടെ തടവില്‍ ഉള്ളത്. ഇവരെ നിര്‍ബന്ധിത വിവാഹത്തിനു വിധേയരാക്കിയതായും സംഘടനയുടെ കണക്കുകള്‍ പറയുന്നു. രാജ്യത്തെ പശ്ചാത്യവല്‍ക്കരിക്കുന്നതിനെതിരെ എന്ന പേരിലാണ് ബോകോ ഹറാം തീവ്രവാദികള്‍ നൈജീരീയയില്‍ പോരാട്ടം നടത്തുന്നത്. പശ്ചാത്യ വിദ്യാഭ്യാസത്തിന് പകരം വിവാഹമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്നാണ് ബോകോ തീവ്രവാദികള്‍ നേരത്തെ പറഞ്ഞിരുന്നത്. ചിബോക്ക് പ്രവിശ്യയില്‍ നിന്നായിരുന്നു പെണ്‍കുട്ടികളെ കൂട്ടമായി തട്ടി കൊണ്ട് പോയിരുന്നത്. പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 'പെണ്‍കുട്ടികള്‍ അവരുടെ ഭര്‍തൃ ഗൃഹത്തിലാണ്' എന്നാണ് ഒരു ബോകോ നേതാവ് ഇതിനു മറുപടി പറഞ്ഞത്. പെണ്‍കുട്ടികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിനായി തീവ്രവാദികളുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍് തയ്യാറായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇതിന്റെ ഭാഗമായി ബൊക്കോ ഹറാം തീവ്രവാദികളുമായി നൈജീരിയന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാകുകയും ചെയ്തിരുന്നു.

കോഴ ആരോപണം: മാണിയുടെ മുന്നണി മാറ്റ ആഗ്രഹത്തിനുമേലുള്ള അവസാനത്തെ ആണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും മറ്റ് ഘടകകക്ഷിയുടെയും ശക്തമായ പിന്തുണയുണ്ടെങ്കിലും കോഴ ആരോപണം കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് വന്‍ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ മാണിയ്‌ക്കെതിരെ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന് ആശ്വാസമാണ്. അതേസമയം, മുന്നണി മാറ്റ ഭീഷണി മുഴക്കി യു.ഡി.എഫില്‍ കാര്യം നേടുകയെന്ന മാണി തന്ത്രത്തിന് ഈ ആരോപണം വന്‍ തിരിച്ചടിയാകും. ഈ വിഷയത്തില്‍ വളരെ ശ്രദ്ധയോടെയാണ് സി.പി.ഐ.എം ഇടപെട്ടത്. സാധാരണയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതിന് പിന്നാലെ ശക്തമായി രംഗത്തെത്താറുള്ള സി.പി.ഐ.എം നേതാക്കളില്‍ പലരും ഇത്തവണ കുറേയേറെ ആലോചിച്ചു. മാണിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ശരിവെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ഇന്ന് ഉച്ചയോടെയാണ് വന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മാണിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ തയ്യാറല്ല എന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മാണിയ്ക്ക് മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി കെ.ബാബുവിനും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും പിണറായി പറഞ്ഞു. മാണിയെ ഒറ്റപ്പെടുത്താനില്ലെന്നതിന് പിണറായി പറയുന്ന ന്യായം ഇതാണ്, ഈ വിഷയം കൊണ്ട് മുഖ്യമന്ത്രിക്കാണ് രാഷ്ട്രീയ നേട്ടമുണ്ടായത്. കാരണം കെ.എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ഭീഷണി ഇനി വിലപ്പോകില്ലെന്ന ആശ്വാസം മുഖ്യമന്ത്രിയ്ക്കുണ്ടെന്നാണ് പിണറായി പറഞ്ഞത്. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാണിയ്‌ക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പിണറായി പറയാതെ പറഞ്ഞുവെക്കുന്നത്. വേണമെങ്കില്‍ അതില്‍ പ്രതിയായി ഉമ്മന്‍ചാണ്ടിയേയും ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐ.എം പറയുമ്പോഴും അത് ഏത് തരത്തിലുള്ളതാവണമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായമില്ല. സി.ബി.ഐ അന്വേഷണം വേണമെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന അഭിപ്രായമാണ് പി.ബി അംഗം എം.എ ബേബി പ്രകടിപ്പിച്ചത്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പിണറായി ആകട്ടെ അത് ഏതുതരത്തിലുള്ളതാവണമെന്ന് പിന്നീട് പറയാമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും മുഖ്യമന്ത്രി മാണിയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഈ വിഷയത്തിന്റെ സത്യാവസ്ഥ തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു അന്വേഷണവും നടത്താനുദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാണിയെ വിശ്വാസമാണെന്ന സമീപനമാണ് കെ.പി.സി.സി അധ്യക്ഷനും സ്വീകരിച്ചത്. അതേസമയം, കോഴ ആരോപണങ്ങളോട് കെ.എം മാണി പ്രതികരിക്കണമെന്ന നിലപാടുമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ സമീപനത്തെ കെ.പി.സി.സിയും മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ട്. ഒറ്റപ്പെടുത്തിയുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നില്ലെങ്കിലും മാണിക്ക് ഈ ആരോപണം വന്‍ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. മാണിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇനി യു.ഡി.എഫില്‍ വിലപ്പോകില്ലെന്നത് തന്നെയാണ് ഏറ്റവും വലിയ നഷ്ടം.

മുന്‍ ആഴ്‌സനല്‍ താരം തിയറി ഹെന്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്?

ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് പഴയ ആഴ്‌സനല്‍ ക്യാമ്പില്‍ നിന്നു തിയറി ഹെന്റി  കൂടെ എത്തുന്നു. റോബര്‍ട്ട് പിറെസ്, ഡേവിഡ് ട്രെസഗെ, മൈക്കല്‍ സില്‍വസ്റ്റര്‍, നിക്കോളസ് അനല്‍ക്ക തൂടങ്ങിയവരുടെ നിരയിലേക്കാണ് ഹെന്റി എത്തുന്നത്. അടുത്ത സീസണിലായിരിക്കും അദ്ദേഹം ഇന്ത്യന്‍ ലീഗില്‍ ബൂട്ട് കെട്ടുക. ഒരു ഫ്രഞ്ച് ദിന പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. നിലവില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് ക്ലബില്‍ ന്യൂയോര്‍ക്ക് ബുള്‍സിന്റെ താരമാണ് ഹെന്റി. ഫ്രഞ്ച്,ഇറ്റാലിയന്‍,ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ലീഗുകളില്‍ കളിച്ചതിന് ശേഷമാണ് ഹെന്റി ഇന്ത്യന്‍ ലീഗില്‍ എത്തുന്നത്. പിറസ് അടക്കമുള്ള മുന്‍ സഹതാരങ്ങള്‍ നല്‍കിയ നിര്‍ദേശമാണ് ഹെന്റിയെ ഇന്ത്യന്‍ ലീഗിലേക്ക് അടുപ്പിക്കുന്നത്. നിലവില്‍ ഗോവയുടെ താരമായ പിറെസിന് അടുത്ത വര്‍ഷം ടീം മാനേജര്‍ പദവി കൂടെ ലഭിക്കുന്നതോടെ ഐക്കണ്‍ താരമായി ഹെന്റി എത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.2003-04 കാലത്ത് ആഴ്‌സനലിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ പിറെസ്-ഹെന്റി കൂട്ടു കെട്ട് മികച്ച പങ്കാണ് വഹിച്ചിരുന്നത്. മുന്‍ കോച്ച് ആഴ്‌സന് വെങംറുടെ പ്രോത്സാഹനവും  ഹെന്റി ഇന്ത്യന്‍ ലീഗിലേക്ക് വരുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം ആഴ്‌സനല്‍ കോച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പ്രശംസിച്ചിരുന്നു. ഐ.എസ്.എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖഛായ മാറ്റി തീര്‍ക്കുമെന്നാണ് വെംങര്‍ പറഞ്ഞത്. ഹെന്റിയെ കൂടാതെ മുന്‍ മാഞ്ചസ്റ്റര്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്, ബയേണ്‍മ്യൂണിക്കിന്റെ പെറു താരം ക്ലൗഡിയൊ പിസാരോ എന്നിവരും അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചേക്കും.

ഇടത് ഐക്യം നിലവില്‍; കേന്ദ്രസര്‍ക്കാറിനെതിരെ ഒരാഴ്ചത്തെ പ്രതിഷേധത്തിന് ആഹ്വാനം

ന്യൂദല്‍ഹി: ഇടത് ഐക്യം വിപുലീകരിക്കുന്നതിനായി സി.പി.ഐ.എം വിളിച്ചു ചേര്‍ത്ത ഇടതുപാര്‍ട്ടികളുടെ യോഗം ദല്‍ഹിയില്‍ ചേര്‍ന്നു. സി.പി.ഐ.എമ്മിന് പുറമേ സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി.പി.ഐ.എം.എല്‍(ലിബറേഷന്‍), എസ്.യു.സി.ഐ എന്നീപാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ദല്‍ഹി സി.പി.ഐ.എം ആസ്ഥാനത്താണ് യോഗം നടന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ എതിര്‍ക്കുക, വര്‍ഗീയതയ്‌ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നിവയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ഡ. വിലക്കയറ്റം, തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം, ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ നയങ്ങള്‍ എന്നിവയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് യോഗത്തിന് ശേഷം ഇടത് പാര്‍ട്ടികള്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ഒരാഴ്ച നീണ്ട പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ഈമാസം എട്ട് മുതല്‍ 14 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക. ദേശീയ സംസ്ഥാന തലത്തില്‍ എല്ലാ ഇടത് പാര്‍ട്ടികളും ഈ പ്രതിഷേധങ്ങളില്‍ പങ്കാളികളാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിന് ശേഷം വര്‍ഗീയതയ്‌ക്കെതിരെ ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം ഈ കണ്‍വെന്‍ഷന്റെ തിയ്യതി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരെയുള്ള ഇടത് ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ചുനാളുകളായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 17 പ്രമുഖ ഇടത് പാര്‍ട്ടികളുടെ നേതാക്കളുമായി സി.പി.ഐ.എം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്ന് ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. 40 വര്‍ഷത്തെ രാഷ്ട്രീയ പോര് മറന്നാണ് എസ്.യു.സി.ഐ സി.പി.ഐ.എമ്മിനൊപ്പം യോഗത്തിനെത്തിയിരിക്കുന്നത്. 1967ല്‍ സി.പി.ഐ.എം ബംഗാളില്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ എസ്.യു.സി.ഐയും ഉണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം 1974 മുതല്‍ തകരാന്‍ തുടങ്ങി. ജയപ്രകാശ് നാരായണന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തെച്ചൊല്ലിയുടെ ഭിന്നതയാണ് അകല്‍ച്ചയ്ക്ക് കാരണമായത്. ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭത്തില്‍ ഇടതുപക്ഷവും ചേരണമെന്ന എസ്.യു.സി.ഐയുടെ ആവശ്യം സി.പി.ഐ.എം തള്ളിയതാണ് കാരണം. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്ത സിംഗൂര്‍, നന്ദിഗ്രാം സമരങ്ങള്‍ക്ക് മുന്നില്‍ എസ്.യു.സി.ഐ ഉണ്ടായിരുന്നു. 2007ലെ നന്ദിഗ്രാം പോലീസ് വെവെപ്പിന് ശേഷം അവര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഐക്യത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് ഇടത് ഐക്യത്തിനായി ഇരുപാര്‍ട്ടികളും മുന്നോട്ടുവന്നിരിക്കുന്നത്. എസ്.യു.സി.ഐയെ ഇടത് ഐക്യത്തിലേക്ക് ക്ഷണിക്കുന്നതിനായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എസ്.യു.സി.ഐ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇടത് ഭരണകാലത്ത് 161 എസ്.യു.സി.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തേത് പ്രശ്‌നാധിഷ്ഠിതമായ ഐക്യപ്പെടല്‍ മാത്രമാണെന്നാണ് എസ്.യു.സി.ഐ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. കേരളത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്‌ക്കൊപ്പമാണ് എസ്.യു.സി.ഐ. ദേശീയാടിസ്ഥാനത്തിലെ സഖ്യം കേരളത്തിലും ബംഗാളിലും ബാധകമല്ലെന്ന് എസ്.യു.സി.ഐ സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. കേരളത്തില്‍ നിലവിലുള്ള സഖ്യം തുടരുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. ആര്‍.എസ്.പി കേരളഘടകം യോഗത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. ഇടത് ഐക്യത്തില്‍ കേരളഘടകവും പങ്കുചേരണമെന്ന് ആര്‍.എസ്.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.