ന്യൂദല്‍ഹി: കുറ്റവാളികളയാ കുട്ടികളുടെ പ്രായം പതിനെട്ടില്‍ നിന്ന് കുറയ്ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍പ്പോലും ഇത്തരത്തില്‍ ചെയ്യാനാവില്ലെന്ന് വനിതാശിശു വികസന സഹമന്ത്രി കൃഷ്ണ തിരാത്ത് രാജ്യസഭയില്‍ പ്രഖ്യാപിച്ചു.

Ads By Google

Subscribe Us:

ഇതോടെ ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ ആറാം പ്രതി ചെറിയ ശിക്ഷകളോടെ രക്ഷപ്പെടാനുള്ള സാധ്യതയും തെളിഞ്ഞു.

ആഭ്യന്തരതലത്തിലുള്ള പാര്‍ലമെന്ററികാര്യ സമിതിയുടെ തീരുമാനവും പ്രായപരിധി കുറയ്ക്കുന്നതിനെതിരായിരുന്നു. വിദഗ്ധരുമായി കൂടിയാലോചിക്കാതെ തിരക്കിട്ട് തീരുമാനമെടുക്കരുതെന്ന നിര്‍ദേശത്തിനും എതിര്‍പ്പുണ്ടായി.

ദല്‍ഹി കൂട്ടബലാത്സംഗത്തിനുശേഷം കുട്ടികളായി പരിഗണിക്കപ്പെടുന്ന പ്രായത്തില്‍ കുറവുവരുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, വളരെ ചെറിയ ശതമാനം കുറ്റകൃത്യം മാത്രമാണ് കുട്ടികള്‍ ചെയ്യുന്നതെന്നും പ്രായപരിധി കുറയ്ക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ബാലനീതി നിയമം അനുസരിച്ച് 18 വയസ്സില്‍ താഴെയുള്ളവരെയെല്ലാം കുട്ടികളായാണ് കണക്കാക്കുന്നത്. അതേസമയം, കുട്ടിക്കുറ്റവാളികളുടെ പ്രായം സംബന്ധിച്ച് ഏകീകരണമുണ്ടാക്കുംവിധം നിയമനിര്‍മാണം വേണമെന്ന പൊതുതാത്പര്യ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു.

ആഭ്യന്തരകാര്യം, നിയമം, നീതി എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ മൂന്നിനു മുമ്പ് അഭിപ്രായം അറിയിക്കണമെന്ന് നോട്ടീസില്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.