കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ വിവിധ മുസ്ലീം ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത്. വിമന്‍സ് കോഡ് ബില്ലിലെ വിവാദ ശുപാര്‍ശ മനുഷ്യത്വത്തിനും ദൈവികതയ്ക്കും നേരെയുളള വെല്ലുവിളിയാണെന്ന് കെ.സി.ബി.സി അധ്യക്ഷനും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ഭ്രൂണഹത്യ മനുഷ്യഹത്യയ്ക്ക് തുല്യമാണെന്നും ഇത്തരം ശിപാര്‍ശകള്‍ നടത്തിയവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ബാലക്ഷേമ ബില്ലിലെ ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് വിവിധ സുന്നീ സംഘടനകളിലെ നേതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോയാല്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുമെന്ന് ഇവര്‍ പ്രതികരിച്ചു.

വിവിധ മത സംഘടനകള്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നതിനെക്കുറിച്ച് ‘ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെ’ന്നാണ് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ബാലക്ഷേമ ബില്ല് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ പാസാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണയ്യര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മാത്രമാണു ലഭിച്ചത്. അതു പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും വാദിക്കുന്നുണ്ട്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം നല്‍കരുത്: കൃഷ്ണയ്യര്‍ കമ്മീഷന്‍