കോഴിക്കോട്: ജില്ലയില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സുഹൃത്തിനെ ബസ് കയറ്റിവിടാനെത്തിയ മാധ്യമവപ്രവര്‍ത്തകനെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ തടഞ്ഞു വെച്ചു. തിക്കോടി ഇരുപതാം മൈല്‍ ബസ് സ്റ്റോപ്പിലാണ് സംഭവം.

കാലിക്കറ്റ് പോസ്റ്റ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടറായ മുഹമ്മദ് ജദീറിനാണ് ദുരനുഭവമുണ്ടായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ജദീറിനെ തടഞ്ഞ് വെച്ച സംഘം ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.


Also Read: ‘ഉപദേശം കേട്ട് കൊതി തീര്‍ന്നില്ല’; മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കാനായി അഞ്ച് ഉപദേശകര്‍ കൂടി ‘അന്താരാഷ്ട്ര മാതൃകയില്‍’ എത്തുന്നു


ഇരുപതാം മൈല്‍ ബസ് സ്റ്റോപ്പില്‍ നിന്ന് സുഹൃത്തായ പെണ്‍കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് പോകാനൊരുങ്ങിയ തന്നെ മൂന്ന് പേര്‍ തടഞ്ഞ് വെക്കുകയായിരുന്നുവെന്ന് ജദീര്‍ പറഞ്ഞു.

കണ്ടാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കുന്നവരാണ് സദാചാര പൊലീസ് ചമഞ്ഞ് അതിക്രമം നടത്തിയതെന്ന് ജദീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സാമൂഹ്യ വിരുദ്ധരായ ഇവര്‍ അസഭ്യവര്‍ഷം നടത്തിയതായും ജദീര്‍ പറഞ്ഞു.


Don’t Miss: താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


‘ലൗ ജിഹാദ് നടക്കുന്ന കാലമാണ്, നിന്നെപ്പോലുള്ളവരെ നിരീക്ഷിക്കാനും, നേര്‍വഴി കാണിക്കാനുമാണ് ഞങ്ങളൊക്കെ ഇവിടെയുള്ളത് അതുകൊണ്ടാണ് ഒരു ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ ചോദിക്കുന്നത്.’ എന്നായിരുന്നു സാമൂഹ്യവിരുദ്ധര്‍ ജദീറിനോട് പറഞ്ഞത്.

താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിനെ വിളിക്കാന്‍ പറഞ്ഞപ്പോള്‍ ‘പൊലീസിനെ നീ വിളിച്ചൊ, പക്ഷേ അവരിവിടെയെത്താന്‍ കുറച്ച് സമയമെടുക്കുമെന്ന് നീ മനസ്സിലാക്കിക്കോ’ എന്ന ഭീഷണിയാണ് ഇവര്‍ ഉയര്‍ത്തിയത് എന്നും ജദീര്‍ പറഞ്ഞു. ഇത് കൂടാതെ ജദീറിന്റെ ഇരുചക്രവാഹനം കേടുവരുത്താനും സാമൂഹ്യവിരുദ്ധര്‍ ശ്രമിച്ചതായി അദ്ദേഹം പറയുന്നു. ഈ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ജദീര്‍ കൂട്ടിച്ചേര്‍ത്തു.


Related News: കോഴിക്കോട് കാപ്പാട് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; ആക്രമത്തിന് ഇരയായത് പ്രദേശവാസികളായ ദമ്പതികളും സുഹൃത്തും


നേരത്തേ കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചില്‍ വെച്ച് സുഹൃത്തിനൊപ്പം ഇരുന്ന ദമ്പതിമാര്‍ക്ക് നേരെയും സദാചാര ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിലെ കുറ്റാരോപിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.