തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കെതിരെ നടപടിയുണ്ടാവില്ല. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം എ.ജി നല്‍കിയ വിശദീകരണം അംഗീകരിച്ചു.

അതേസമയം എ.ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി നാല് പേരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.ജെ ജോസഫ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.

അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ.ജി വ്യക്തമാക്കി.

എ.ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം.കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ.ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.

നേരത്തെ എ.ജിയെ യോഗത്തിലേക്ക് വിളിച്ച് വിശദീകരണം ചോദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് രേഖകള്‍ തയ്യാറാക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിപ്പിക്കുകയായിരുന്നു.

Malayalam news, Kerala news in English