Categories

തോമസ് ചാണ്ടി കേസ്; വിവാദത്തിനില്ല, പ്രതികരിച്ച് വിഷയം വഷളാക്കാനില്ലെന്നും എ.ജിയുടെ ഓഫീസ്

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുള്ള കായല്‍ കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് എ.ജിയുടെ ഓഫീസ്. ഈ കേസിനെ പ്രത്യേകമായി കാണുന്നില്ല.

സാധാരണ നിലയില്‍ കേസ് മാറ്റിക്കൊടുക്കാറില്ല പ്രതികരിച്ച് വിഷയം വഷളാക്കാനില്ലെന്നും എ.ജിയുടെ ഓഫീസ് പറഞ്ഞു.

അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദിനെതിരെ നിശിത വിമര്‍ശനുമുന്നയിച്ച റവന്യൂ മന്ത്രിക്ക് മറുപടിയുമായാണ് എജിയുടെ ഓഫീസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍കൈയേറ്റ കേസില്‍ താന്‍ നല്‍കിയ കത്തിന് മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദിനെതിരെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.


Dont Miss യു.പിയില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു


കത്തിന് മറുപടി നല്‍കാത്ത എ.ജിയുടെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. എ.ജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞിരുന്നു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനു തന്നെ നല്‍കേണ്ടതില്ലെന്നാണ് എ.ജി സി.പി സുധാകരപ്രസാദിന്റെ നിലപാട്. അതേസമയം റവന്യൂ കേസുകള്‍ നടത്തി പരിചയമുള്ള അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി പറയുകയായിരുന്നു.

കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ റവന്യൂ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വകുപ്പിന്റെ അധിപനാണ് താന്‍. റവന്യൂ വകുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും മന്ത്രി പറഞ്ഞിരുന്നു.

‘റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല’ എന്നായിരുന്ന എ.ജി ഇന്നലെ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ഇതിനെതിരെ രംഗത്തെത്തിയ മന്ത്രി കത്തിനുള്ള മറുപടി വാര്‍ത്താ സമ്മേളനത്തിലല്ല പറയേണ്ടതെന്നും പറഞ്ഞിരുന്നു.

Tagged with: