afsal-guru ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനം അപലപീനയമാണെന്ന് പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷിക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരു. അഫ്‌സല്‍ ഗുരുവിനെ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഇ-മെയില്‍ സന്ദേശം വന്ന സാഹചര്യത്തിലാണ് പ്രസ്താവന. തികച്ചും സംസ്‌കാര ശൂന്യമായ നടപടിയാണ് ഇത്തരം ആക്രമണമെന്നും സ്‌ഫോടനത്തെ താനുമായി ബന്ധപ്പെടുത്തുന്നതിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും അഫ്‌സല്‍ ഗുരു വ്യക്തമാക്കി.

സ്‌ഫോടനം നടത്തിയത് ഭീരുക്കളാണ്. സംഭവവുമായി തന്റെ പേര് വലിച്ചിഴക്കുന്നതില്‍ ഏറെ ഖേദമുണ്ട്. തന്റെ പേരിനെ ബന്ധപ്പെടുത്തി ചില ഏജന്‍സികളും ഗ്രൂപ്പുകളും മോശം കളിയാണ് കളിക്കുന്നത്. അഫ്‌സല്‍ ഗുരു പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ ഇത്തരം മോശപ്പെട്ട പ്രവര്‍ത്തനങ്ങളുണ്ടാവുമ്പോള്‍ തന്റെ പേര് വലിച്ചിഴക്കപ്പെടുന്ന സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. എന്നെ മോശപ്പെടുത്താനും വ്യക്തിഹത്യ നടത്താനും ഇത്തരം ഇത്തരം നീക്കങ്ങള്‍ പതിവായിരിക്കയാണ്. രാജ്യത്തെ പൊതുജനങ്ങളെ തനിക്കെതിരെ തിരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അഫ്‌സല്‍ ഗുരുവിന്റെ അഭിഭാഷകനായ എന്‍.ഡി പനോലി വഴിയാണ് പ്രസ്താവന മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ‘ദല്‍ഹി കോടതിക്ക് മുമ്പില്‍ നടന്ന സ്‌ഫോടനം പോലുള്ള സംഭവം ഭീരുക്കള്‍ നടത്തുന്ന പ്രാകൃതമായ പ്രവര്‍ത്തനങ്ങളാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒരു മതവും നിരപരാധികളെ കൊലപ്പെടുത്താന്‍ അനുമതി നല്‍കുന്നില്ല. ഇത്തരം സംഭവങ്ങളെ എല്ലാവരും അപലപിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് അഫ്‌സല്‍ ഗുരു. 2006 ഒക്ടോബര്‍ 20തിനകം വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നെങ്കിലും അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജിയില്‍ തീരുമാനമെടുക്കുന്നത് വൈകിയതിനാല്‍ ശിക്ഷ നീണ്ടുപോവുകയായിരുന്നു.