ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. ഇന്ന് രാവിലെ 8 മണിക്ക് തീഹാര്‍ ജയിലില്‍ രഹസ്യമായാണ് വധശിക്ഷ നടപ്പാക്കിയത്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചു. മതാചാരപ്രകാരമായിരുന്നു സംസ്‌കാരം.

നേരത്തെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെയും ഇത്തരത്തില്‍ തൂക്കിലേറ്റിയശേഷം മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.

അഫ്‌സലിന്റെ ദയാഹരജി രണ്ടാഴ്ച മുമ്പ് രാഷ്ട്രപതി തള്ളിയിരുന്നു. രാവിലെ എട്ടരയോടെ ആഭ്യന്തര സെക്രട്ടറിയാണ് വധശിക്ഷ സംബന്ധിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Ads By Google

വധശിക്ഷയെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ അഫ്‌സലിന്റെ ജന്മനാടായ കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ദല്‍ഹിയിലും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്‌ടോബര്‍ 29ന് ഹൈകോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു. 2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു.

കേസിലെ മറ്റൊരു പ്രധാന കുറ്റവാളിയും ജയ്‌ഷെ മുഹമ്മദ് ഭീകരനുമായ ഷൗക്കത്ത് ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷം കഠിന തടവായി നേരത്തെ കുറച്ചിരുന്നു. വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച ദല്‍ഹി സര്‍വകലാശാലാ കോളജ് അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനിയെ സുപ്രീം കോടതി വെറുതെ വിട്ടിരുന്നു.

2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ദല്‍ഹി പൊലീസിലെ നാലു പേര്‍, സി.ആര്‍.പി.എഫ്, പാര്‍ലമെന്റ് വാര്‍ച്ച് ആന്‍ഡ് വാര്‍ഡ് എന്നിവയിലെ ഓരോ അംഗങ്ങള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ തോക്കുമായി പാര്‍ലമെന്റിന്റെ പ്രവേശന കവാടം വരെ എത്തുകയായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എല്‍ .കെ.അദ്വാനിയും സഹമന്ത്രി ഹരേണ്‍ പാണ്ഡ്യയും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.

2001 ഡിസംബര്‍ 13ന് ജെയ്ഷഇമുഹമ്മദിന്റെയും ലഷ്‌കര്‍ ഇതൊയ്ബയുടെയും തീവ്രവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ 2001 ഡിസംബര്‍ 13നാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത്.

ദല്‍ഹിയിലെ ഇയാളുടെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് സ്‌ഫോടകവസ്തുക്കളും തീവ്രവാദികള്‍ നല്‍കിയ പത്ത് ലക്ഷം രൂപയും കണ്ടെടുത്തെന്നും ഡിസംബര്‍ 19നു തന്നെ അഫ്‌സല്‍ ഗുരു പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയെന്നും പോലീസ് പറയുന്നു. പിന്നീട് 2003ലാണ് ദല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്. 2004ല്‍ ഈ വിധി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ട് അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോടതി വിധിയില്‍ പറയുന്നത് അഫ്‌സല്‍ഗുരുവിന് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവില്ലെന്നും പക്ഷേ പൊതുജന അഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത് എന്നുമായിരുന്നു.

അഫ്‌സലിനോടു ദയ കാട്ടരുതെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാഭടന്മാരുടെ വിധവകള്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ കണ്ട്   നിവേദനം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് വധിക്കപ്പെട്ട ആറു സുരക്ഷാ ഭടന്‍മാരുടെ ബന്ധുക്കള്‍ അവര്‍ക്കു ലഭിച്ച ധീരതാ മെഡലുകള്‍ സര്‍ക്കാരിനു തിരിച്ചു നല്‍സകുകയും ചെയ്തു.