എഡിറ്റര്‍
എഡിറ്റര്‍
പെര്‍ത്ത് ടെസ്റ്റ് അവസാനിക്കുമ്പോള്‍ ലോക ഒന്നാം പദവി ആര്‍ക്കെന്നറിയാം
എഡിറ്റര്‍
Thursday 29th November 2012 10:57am

പെര്‍ത്ത്: മൈക്കല്‍ ക്ലാര്‍ക്ക് നയിക്കുന്ന ഓസ്‌ട്രേലിയയും ഗ്രേയം സ്മിത്തിന്റെ കീഴിലിറങ്ങുന്ന ദക്ഷിണാഫ്രിക്കയും നാളെ പെര്‍ത്തില്‍ മുഖാമുഖം കാണുന്നതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്ക് ടീമിനെ നിശ്ചയിക്കപ്പെടുന്ന പോരാട്ടം ആരംഭിക്കും. പെര്‍ത്ത് ടെസ്റ്റ് അവസാനിക്കുന്നതോടെ ലോക ഒന്നാം നമ്പര്‍ പദവി ആരുടെ പേരിലാവുമെന്നറിയാം.

Ads By Google

പരിക്കേറ്റ ജാക് കാലിസിനെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സന്ദര്‍ശകരും ഒരു വര്‍ഷത്തിന് ശേഷം മിച്ചല്‍ ജോണ്‍സണെ മടക്കിക്കൊണ്ടുവന്ന ആതിഥേയരും പൊരുതാനുറച്ചുള്ള തയാറെടുപ്പിലാണ്. ഇന്ത്യന്‍ സമയം നാളെ രാവിലെ എട്ടിനാണ് മത്സരം.

ബ്രിസ്‌ബെനില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കില്‍ നിന്ന് സമനിലയിലേക്ക് പിടിച്ച് കൊണ്ടുവന്ന ഓസ്‌ട്രേലിയയും അഡലെയ്ഡില്‍ ഓസ്‌ട്രേലിയയുടെ വിജയ മോഹങ്ങള്‍ അട്ടിമറിച്ച് സമനില വരിച്ച ദക്ഷിണാഫ്രിക്കയും പെര്‍ത്ത് ടെസ്റ്റിന്റെ ഫലം പ്രവചനാതീതമാക്കിയിരിക്കുന്നു.

ഓസ്‌ട്രേലിയ ആതിഥേയരാണെന്നത് മാറ്റിനിര്‍ത്തിയാല്‍ റാങ്കിനായുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കാണ് മുന്‍തൂക്കം. സമനില നേടിയാല്‍ പോലും നിലവിലെ ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ അവര്‍ക്കാകും; വിജയിക്കണമെന്നില്ല. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒന്നാം റാങ്കില്‍ മടങ്ങിയെത്താന്‍ ഓസ്‌ട്രേലിയക്ക് വിജയം കൂടിയേ തീരൂ.

ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ പരിക്കുവിട്ട് തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയയെ കൂടുതല്‍ കടുപ്പക്കാരാക്കും. വാട്‌സണ്‍ വരുമ്പോള്‍ റോബ് ക്വിനെയുടെ സ്ഥാനം തെറിക്കും. ടീമില്‍ തുടരണമെങ്കില്‍ സ്‌കോര്‍ ചെയ്യാന്‍ നിര്‍ബന്ധിതനായ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും ദക്ഷിണാഫ്രിക്കക്ക് വെല്ലുവിളിയായേക്കും.

പെര്‍ത്തിലെ വാക്ക പിച്ചില്‍ രണ്ട് തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക കളിച്ചിട്ടുള്ളത്. ഒരു ജയവും ഒരു സമനിലയുമായിരുന്നു ഫലം. 2008ല്‍ അവസാന ദിവസം ഓസ്‌ട്രേലിയയുടെ 414 റണ്‍സ് പിന്തുടര്‍ന്ന് കീഴടക്കി ചരിത്രം സൃഷ്ടിച്ചിരുന്നു ദക്ഷിണാഫ്രിക്ക.

Advertisement