എഡിറ്റര്‍
എഡിറ്റര്‍
മകള്‍ കൂട്ടബലാത്സംഗത്തിന് ചെയ്യപ്പെട്ടതില്‍ മനംനൊന്ത് ദലിത് പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Monday 24th September 2012 10:00am


ഹിസാര്‍: ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് ദലിത് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.

ഹരിയാനയിലെ ഹിസ്സാറിന് സമീപം ദാബ്ര ഗ്രാമത്തില്‍  16 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു ഉയര്‍ന്ന ജാതിയില്‍പ്പെട്ട 8 പുരുഷന്‍മാര്‍ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയത്. എന്നാല്‍ പത്ത് ദിവസത്തിന്‌ ശേഷമാണ് പ്രശ്‌നം പുറം ലോകം അറിയുന്നത്. പെണ്‍കുട്ടി വിവരങ്ങള്‍ തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

Ads By Google

ഇതിനിടയ്ക്ക് വ്യാഴാഴ്ച്ച പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഇത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ തങ്ങള്‍ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് കുറ്റവാളികളിലൊരാളെ പോലീസ് ഞായറാഴ്ച്ച അറസ്റ്റ് ചെയ്തു. അതിന് ശേഷം മാത്രമാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മൃതദേഹം സംസ്‌കരിച്ചത്.

‘ഉന്നത ജാതിയില്‍പ്പെട്ടവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയും അതെല്ലാം ഷൂട്ട് ചെയ്യുകയും ചെയ്തു. മാത്രവുമല്ല അവര്‍ ഇത് കാട്ടി പെണ്‍കുട്ടിയെ ഭീഷണി പ്പെടുത്തുകയായിരുന്നു. അവരാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിന് കാരണം.’ പെണ്‍കുട്ടിയുടെ അമ്മാവന്‍ വ്യക്തമാക്കി.

മകള്‍ കൂട്ട ബലാത്സംഗത്തിന് വിധേയമായതില്‍ മനംനെന്ത് ഒരാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഹിസാര്‍ പോലീസ് സൂപ്രണ്ട് സതീഷ് ബാലന്‍ പറഞ്ഞു.

അതേസമയം സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്ന് എന്‍.സി.പി.സി.ആര്‍ (നാഷണല്‍കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്) വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement