എഡിറ്റര്‍
എഡിറ്റര്‍
ജി.എസ്.ടിയ്‌ക്കെതിരെ ഗുജറാത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു: സൂറത്തിനു പുറമേ അഹമ്മദാബാദിലും കടകളടച്ച് സമരം; സമരത്തില്‍ പങ്കുചേര്‍ന്ന് പട്ടംനിര്‍മാതാക്കളും
എഡിറ്റര്‍
Monday 10th July 2017 11:11am

അഹമ്മദാബാദ്: ജി.എസ്.ടിയ്‌ക്കെതിരെ ഗുജറാത്തില്‍ ടെക്‌സ്റ്റൈല്‍ വ്യാപാരികളുടെ പ്രക്ഷോഭം ശക്തമാകുന്നു. വസ്ത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജി.എസ്.ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൂറത്തിനു പുറമേ അഹമ്മദാബാദിലെ ടെക്‌സ്റ്റൈല്‍ വ്യാപാരികളും അനിശ്ചിതകാല സമരത്തിന് ഒരുങ്ങിയിരിക്കുകയാണ്.

അഹമ്മദാബാദിലെ മൂന്ന് പ്രധാന ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റുകളായ മസ്‌കതി ക്ലോത്ത് മാര്‍ക്കറ്റ് അസോസിയേഷന്‍, ന്യൂക്ലോത്ത് മാര്‍ക്കറ്റ്, പഞ്ചകുവ ക്ലോത്ത് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വ്യാപാരികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

‘വസ്ത്രങ്ങള്‍ക്ക് 5% ജി.എസ്.ടിയെന്നത് ടെക്‌സ്‌റ്റൈല്‍ ബിസിനസ് രംഗത്തെ ഒരാള്‍ക്കും അംഗീകരിക്കാനാവില്ല. ഈ നികുതിയ്‌ക്കെതിരെ ഞങ്ങളുടെ ശബ്ദമുയര്‍ത്താന്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യും.’ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സൂറത്തിലെ ടെക്‌സൈറ്റല്‍ ബിസിനസുകാര്‍ ഒരാഴ്ചയായി സമരരംഗത്തുണ്ട്. ജി.എസ്.ടിയ്‌ക്കെതിരെ പ്രതിഷേധിച്ച് കഴിഞ്ഞദിവസം വമ്പന്‍ റാലിയും നടത്തിയിരുന്നു.


Also Read: പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നും ബൈക്കുകളിലെത്തിയവര്‍; ഇവിടെയുള്ള മുസ്‌ലീങ്ങള്‍ രക്ഷിക്കാനാണ് ശ്രമിച്ചത്: ബംഗാള്‍ കലാപബാധിത മേഖലയിലുള്ളവര്‍ പറയുന്നു


പട്ടം നിര്‍മ്മാതാക്കളുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സബര്‍മതി നദീതീരത്ത് പട്ടം പറപ്പിക്കല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

‘നേരത്തെ പട്ടം നിര്‍മ്മിക്കുന്നത് യാതൊരു നികുതിയുമുണ്ടായിരുന്നില്ല. പട്ടം നിര്‍മ്മിക്കുന്നവരില്‍ ഭൂരിപക്ഷവും നിരക്ഷരരാണ്. അവര്‍ക്ക് നികുതി സംവിധാനത്തെക്കുറിച്ച് ഒന്നും അറിയില്ല. സര്‍ക്കാര്‍ ജി.എസ്.ടി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ബിസിനസ് അവസാനിപ്പിക്കും.’ പട്ടം നിര്‍മ്മാതാവായ നാസ്രുദ്ദീന്‍ പറയുന്നു.

Advertisement