ബംഗലൂരു:  പ്രമോഷനുകളില്‍ സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദ് ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ പതിനായിരത്തോളം ദളിത് ഉദ്യോഗസ്ഥര്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍.

കര്‍ണാടകയില്‍ എസ്.സി. എസ്.ടി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പെടുത്തിയ നടപടി ഫെബ്രുവരി 9നാണ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. സ്ഥാനക്കയറ്റം നല്‍കിയവരെ തരംതാഴ്ത്താന്‍ മൂന്നു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു.

അതേ സമയം കോടതി ഉത്തരവിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.


Read more: ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് കമന്റിട്ടതിന് യുവാവിനെതിരെ കേസ്


കോടതി ഉത്തരവ് പ്രകാരം 7,000-10,000 ഉദ്യോഗസ്ഥര്‍ തരംതാഴ്ത്തപ്പെടുമെന്ന് കര്‍ണാടക സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി മാഞ്ചെ ഗൗഡ പറഞ്ഞു. 65 വകുപ്പുകളിലായി 18 ശതമാനം തസ്തികകളിലാണ് സംവരണം അനുവദിച്ചിരുന്നത്.

എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നാണ് എംപ്ലോയീസ് അസോസിയേഷന്‍ നിലപാട്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ ദളിതുകള്‍ക്കോ മറ്റേതെങ്കിലും സമുദായത്തിന് വേണ്ടിയോ പ്രത്യേകം പ്രവര്‍ത്തിക്കാനാവില്ലെന്നതാണ് തീരുമാനമെന്നും ബി.പി മാഞ്ചെ ഗൗഡ പറഞ്ഞു.

അതേ സമയം തരംതാഴ്ത്തലിനെതിരെ പ്രതിഷേധിക്കുമെന്ന് എസ്.സി. എസ്.ടി ജീവനക്കാര്‍ പറയുന്നു.