satyasai-babaപുട്ടപര്‍ത്തി: ലക്ഷക്കണക്കിന് ഭക്തരുടെ മുന്നിലേക്ക് വലിയൊരു ചോദ്യം ഇട്ടുകൊടുത്തുകൊണ്ടാണ് സത്യസായിബാബ ലോകത്തോടു വിട പറഞ്ഞത്. തനിക്കുശേഷം ആര് എന്നത് ഒരു സമസ്യയായി കിടക്കുന്നു.ഏകദേശം 50000 കോടിയോളം ആസ്തിയുള്ള ട്രസ്റ്റ് ആരു നയിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ഉള്‍പ്പടെ ഏകദേശം 1500 സ്ഥാപനങ്ങളാണ് സത്യസായി ബാബ ട്രസ്റ്റിനു കീഴിലുള്ളത്. ഇതിന്റെ അവകാശി ആരായിരിക്കുമെന്ന് വ്യക്തമല്ല.
ബന്ധുകൂടിയായ രത്‌നാകര്‍ ഉള്‍പ്പടെ മൊത്തം 7 പേരാണ് ട്രസ്റ്റിലുള്ളത്. ബാബ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍തന്നെ അവകാശിയെച്ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചിരുന്നു. ബാല്യംതൊട്ട് ആശ്രമത്തില്‍ വസിക്കുന്ന ബാബയുടെ വിശ്വസ്തന്‍കൂടിയായ സത്യജിത്, ബന്ധുവായ രത്‌നാകര്‍ എന്നിവരിലൊരാളായിരിക്കും ട്രസ്റ്റിനെ നയിക്കുക എന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചിരുന്നു. രത്‌നാകറില്‍നിന്നുള്ള എതിര്‍പ്പൊഴിച്ചാല്‍ സത്യജിത്തിന് അവകാശിയാവുന്നതിന് മറ്റെതിര്‍പ്പുകളുള്ളതായി അറിവില്ല.
ഒന്നായിരുന്ന സായിബാബ ട്രസ്റ്റിന് അദ്ദേഹത്തിന്റെ സംസ്‌കാരത്തിനുശേഷം എന്തു സംഭവിക്കുമെന്നത് വിലാപങ്ങള്‍ക്കിപ്പുറം ഉയരുന്ന ചോദ്യമാണ്.