എഡിറ്റര്‍
എഡിറ്റര്‍
അര്‍ണബിന്റെ റിപ്പബ്ലിക്ക് ചാനലിനെ റേറ്റിംഗില്‍ ഒന്നാമത് എത്തിക്കുന്നതിന് ‘ബാര്‍ക്ക്’ കൃത്രിമം കാണിച്ചുവെന്ന് ആരോപണം
എഡിറ്റര്‍
Friday 19th May 2017 7:11pm

ന്യൂദല്‍ഹി: സംപ്രേക്ഷണം തുടങ്ങി 10 ദിവസമായപ്പോഴേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനല്‍ എന്ന ഖ്യാതി നേടിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍. ലാലു പ്രസാദ് യാദവിനും ശശി തരൂരിനുമെതിരെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഓഡിയോ ടേപ്പ് വാര്‍ത്തകള്‍ ആരും തിരിഞ്ഞ് നോക്കിയില്ലെങ്കിലും റിപ്പബ്ലിക്ക് ചാനല്‍ റേറ്റിംഗില്‍ ഒന്നാമതെത്തിയെന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC-ബാര്‍ക്ക്) പറയുന്നത്.

എന്നാല്‍ ഡാറ്റയില്‍ കൃത്രിമം കാണിച്ച് ബാര്‍ക്ക് റിപ്പബ്ലിക്കിനെ ഒന്നാമതെത്തിച്ചതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മറ്റ് ചാനലുകള്‍ ഉയര്‍ത്തിയ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Also Read: ‘താന്‍ പോരാടിയത് സിനിമയിലെ ജന്മി-കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍’; വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും സംവിധായകന്‍ വിനയന്‍ ദമ്മാമില്‍


ട്രായിയുടെ നിയമങ്ങളെ ലംഘിച്ച് ഹാത്‌വേ, ഡെന്‍ പോലുള്ള ചില കേബിള്‍ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നിലേറെ നമ്പറുകളില്‍ റിപ്പബ്ലിക്ക് ചാനല്‍ ലഭ്യമാകുന്നുണ്ട്. ഇതും ബാര്‍ക്ക് റേറ്റിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഒരേ നെറ്റ്‌വര്‍ക്കിലെ രണ്ട് ചാനലുകള്‍ മെയ് 16-ന് നീക്കം ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ബാര്‍ക്ക് റേറ്റിംഗ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ചാനലിനെ ‘ഒന്നാമതെത്തിച്ച’ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ണബ് രംഗത്തെത്തിയിരുന്നു. ഇത്രയധികം ആളുകള്‍ ഒരൊറ്റ മാധ്യമസ്ഥാപനത്തില്‍ ഇതിനു മുന്‍പ് വിശ്വാസമര്‍പ്പിച്ചിട്ടില്ല എന്നറിയുന്നത് തന്നെ വികാരാധീനനാക്കുന്നുവെന്നാണ് അര്‍ണബ് അന്ന് പറഞ്ഞത്.


Don’t Miss: മെട്രോ ഉദ്ഘാടനം; പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ല; ദോഷം ചെയ്യും: ഭീഷണിയുമായി കെ.സുരേന്ദ്രന്‍


അര്‍ണബ് മുന്‍പ് എഡിറ്റര്‍-ഇന്‍-ചീഫായിരുന്ന ടൈംസ് നൗ ചാനലിനെയാണ് റിപ്പബ്ലിക്ക് ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. അതേസമയം ടൈംസ് നൗവും റിപ്പബ്ലിക്കും തമ്മില്‍ പകര്‍പ്പവകാശത്തിന്റെ പേരില്‍ നിയമയുദ്ധവും നടക്കുന്നുണ്ട്. തങ്ങള്‍ക്ക് അവകാശപ്പെട്ട ശബ്ദ ടേപ്പുകള്‍ അര്‍ണബ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ടൈംസ് നൗവാണ് കേസ് നല്‍കിയത്. റേറ്റിംഗ് കൂട്ടാനായി അര്‍ണബിന്റെ ചാനല്‍ വാര്‍ത്തകളില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കിനെതിരെ നേരത്തേയും പരാതി ഉണ്ടായിരുന്നു.

Advertisement