ചെന്നൈ: ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ വായ്പാനിരക്ക് ഉയര്‍ത്താനാരംഭിച്ചു. റിപ്പോ നിരക്കും റിവേഴ്‌സ്് റിപ്പോ നിരക്കും വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ നിരക്കുവര്‍ധനയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യെസ് ബാങ്ക് എന്നിവയാണ് വായ്പാനയം പ്രഖ്യാപിച്ച് ഒരു ദിവസത്തിനകം നിരക്കുകള്‍ കൂട്ടിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റ് (ബി.പി.എല്‍.ആര്‍) 50 അടിസ്ഥാനപോയിന്റായിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നിരക്കുകള്‍ വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും

നേരത്തേ ഐ.ഡി.ബി.ഐ ആയിരുന്നു വായ്പാനിരക്ക് വര്‍ധന ആദ്യം നടപ്പാക്കിയത്. തുടര്‍ന്ന് മറ്റ് ബാങ്കുകളും ഇതേ പാത പിന്തുടരുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ .50 ശതമാനം വര്‍ധനവ് വരുത്തിയത്. റിപ്പോ നിരക്ക് 7.25 ശതമാനമായിട്ടും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായിട്ടുമായിരുന്നു വര്‍ധിപ്പിച്ചത്.