കൊല്‍ക്കത്ത: വലിയ ഉത്തരവാദിത്തങ്ങള്‍ സമാജ് വാദി പാര്‍ട്ടി ഏറ്റെടുക്കുമെന്ന് എസ്.പി നേതാവ് മുലായം സിങ് യാദവ്. ലക്ഷ്യബോധമില്ലാത്ത യു.പി.എ സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം സമാജ്‌വാദി പാര്‍ട്ടി നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

നേരത്തെ പല നിര്‍ണായക ഘട്ടങ്ങളിലും യു.പി.എയെ ശക്തമായി പിന്തുണച്ച് രംഗത്തുവന്ന പാര്‍ട്ടിയാണ് സമാജ്‌വാദി പാര്‍ട്ടി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ത്ഥിയെയാണ് എസ്.പി പിന്തുണച്ചത്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആണവകരാറിനെത്തുടര്‍ന്ന് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചപ്പോഴും എസ്.പി യു.പി.എയ്‌ക്കൊപ്പം നിന്നിരുന്നു.

എന്നാലിപ്പോള്‍ യു.പി.എയ്‌ക്കെതിരെ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുലായം സിങ് യാദവ്. ‘യു.പി.എയുടെ നയങ്ങള്‍ക്കെതിരെയാണ് ഞങ്ങള്‍. അതവര്‍ തിരുത്തണം. അവിടെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന്യം വരുന്നത്. ഞങ്ങള്‍ അതിനുവേണ്ടി ശ്രമിക്കുകയാണ്’ മുലായം പറഞ്ഞു.

‘ യു.പി.എ സര്‍ക്കാരിന് യാതൊരു നയങ്ങളുമില്ല. ഇവര്‍ എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് അറിയില്ല. ആര്‍ക്കും പറയാനുമാവില്ല. ലോക്‌സഭയില്‍ എല്ലാദിവസവും ഞങ്ങള്‍ ഇരുന്നു. അവര്‍ പറയുന്നത് കേട്ടു. സര്‍ക്കാരുമായി ഞങ്ങള്‍ ബന്ധത്തിലാണ്. പക്ഷെ അവര്‍ക്ക് യാതൊരു ലക്ഷ്യബോധവുമില്ല. ‘ മുലായം വ്യക്തമാക്കി.

കോണ്‍ഗ്രസ് ചെയ്യുന്ന നല്ല കാര്യങ്ങളെ തങ്ങള്‍ പിന്തുണക്കുമെന്ന് മുലായത്തിന്റെ സഹോദരന്‍ രാം ഗോപാല്‍ യാദവ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്റെ തെറ്റായ പ്രവൃത്തികളെ തങ്ങള്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.