എഡിറ്റര്‍
എഡിറ്റര്‍
കുമ്മനത്തിന് പിന്നാലെ മലബാര്‍ കലാപത്തെ ജിഹാദെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
എഡിറ്റര്‍
Thursday 12th October 2017 9:10am

 

എറണാകുളം: കഴിഞ്ഞദിവസമായിരുന്നു മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ രംഗപ്രവേശം. തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മലബാര്‍ കലാപത്തെ ജിഹാദിക്കൂട്ടക്കുരുതിയായി വിശേഷിപ്പിച്ചത്.


Also Read: ആതിരമാരുടെ മതംമാറ്റം ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് എന്‍.ഐ.എ


കുമ്മനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചക്കായിരുന്നു പിന്നീട് സോഷ്യല്‍മീഡിയ സാക്ഷ്യം വഹിച്ചത്. കുമ്മനത്തിന്റെ പോസ്റ്റില്‍ നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ബി.ജെ.പി കേന്ദ്ര നേതൃത്വവും മലബാര്‍ കലാപത്തെ ജിഹാദെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നലെ എറണാകുളത്ത് ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങായിരുന്നു മലബാര്‍ കലാപത്തെ ജിഹാദെന്ന് വിശേഷിപ്പിച്ചത്. ‘1921 ലെ ജിഹാദിന്റെ 100ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നുണ്ട്’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുമ്മനം പറഞ്ഞത് മറ്റൊരു വേദിയില്‍ കേന്ദ്രമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. തന്റെ പോസ്റ്റില്‍ ‘2021 ല്‍ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുത്.’ എന്ന കുമ്മനം പറയുന്നുണ്ട്. ഇതേ കാര്യമാണ് ഗിരിരാജ് സിങ് ജിഹാദിന്റെ 100 ാം വാര്‍ഷികം ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതിലൂടെ അവതരിപ്പിച്ചത്.


Dont Miss: മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന; മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാന്‍ ശ്രമമെന്നും കേന്ദ്രമന്ത്രി


കുമ്മനം മലബാര്‍ കലാപം ജിഹാദി കൂട്ടക്കുരുതി എന്നു പറയുമ്പോള്‍ കേന്ദ്ര മന്ത്രി അല്‍പ്പം കൂടി കടന്ന് മലബാര്‍ കലാപത്തെ 1921 ലെ ജിഹാദ് എന്ന് മാത്രം വിശേഷിപ്പിക്കുകയായിരുന്നു. ഒരു വാദം അവതരിപ്പിച്ച് അത് സ്ഥാപിച്ചെടുക്കാന്‍ ബി.ജെ.പി നടത്തുന്ന തുടര്‍പ്രചരണങ്ങളുടെ മറ്റൊരു ഉദാഹരണാമായി മാറുകയാണ് മലബാര്‍ കലാപത്തെ വളച്ചൊടിക്കാനുള്ള ബി.ജെ.പി ശ്രമം.

Advertisement