എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനും പരീക്കര്‍ക്കും പിന്നാലെ വോട്ടര്‍മാരോട് പണം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് അഖിലേഷ് യാദവ്
എഡിറ്റര്‍
Saturday 4th March 2017 8:09pm

വാരണാസി: വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘വോട്ടര്‍മാര്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന വാര്‍ത്ത ഞാന്‍ കേട്ടു. ഒരു ഉപദേശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയാണ്. പണം നിങ്ങള്‍ വാങ്ങിക്കോളു പക്ഷേ വോട്ട് സൈക്കിളിന് തന്നെ നല്‍കണ’മെന്നായിരുന്നു ബാദോഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ യു.പി മുഖ്യമന്ത്രി പറഞ്ഞത്.


Also read ‘മദ്യപിച്ച് കാറിനുള്ളില്‍ നൃത്തം ചെയ്യുന്ന ഗുര്‍മെഹര്‍’; സംഘപരിവാര്‍ വിരുദ്ധ ക്യാമ്പെയ്‌ന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ വീഡിയോ പ്രചരണവുമായി മോദി ഭക്തര്‍


നേരത്തെ സമാനമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവും വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

നിങ്ങള്‍ക്ക് ലഭിക്കുന്ന പണം സ്വീകരിച്ച് തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന് തന്നെ വോട്ട് ചെയ്യനാണ് അഖിലേഷിന്റെ ആഹ്വാനം. നേരത്തെ ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ‘ആരില്‍ നിന്നും പണം വാങ്ങുന്നതിന് യാതൊരു കുഴപ്പവുമില്ല പക്ഷേ വോട്ട് താമരയ്ക്ക് തന്നെ ചെയ്യണമെന്ന്’ പരീക്കര്‍ പറഞ്ഞിരുന്നത്.

പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇനി ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍  പരീക്കറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമാന പരാമര്‍ശത്തിന്റെ പേരില്‍ കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തിരുന്നത്. ഗോവയില്‍ തന്നെയായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

Advertisement