ന്യൂദല്‍ഹി: കഴിഞ്ഞദിവസം കാശ്മീരിലുണ്ടായ ആക്രമണങ്ങളില്‍ സൈന്യത്തിനും പങ്കുണ്ടാവുമെന്ന നാഷണര്‍ കോണ്‍ഫറന്‍സ് നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. കഴിഞ്ഞദിവസം കാശ്മീരിലുണ്ടായ തുടര്‍ച്ചയായ അക്രമങ്ങള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നാഷണര്‍ കോണ്‍ഫറന്‍സ് നേതാവ് കമാലാണ് ഇങ്ങനെ പറഞ്ഞത്.

‘സംശയത്തിന്റെ നിഴല്‍ സൈന്യത്തിലേക്കും ചൂണ്ടേണ്ടതാണ്’ എന്ന കമാലിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

Subscribe Us:

കഴിഞ്ഞദിവസമുണ്ടായ മൂന്ന് ഗ്രനേഡ് ആക്രമങ്ങളും ഒരു വെടിവെപ്പുമുള്‍പ്പെടെ നാല് ആക്രമങ്ങളും തീവ്രവാദികള്‍ നടത്തിയതെന്നായിരുന്നു പോലീസിന്റെ നിഗമനം. കാശ്മീരിന്റെ ചില ഭാഗങ്ങളെ സായുധസേന പ്രത്യേക അധികാര നിയമത്തില്‍ നിന്നും ഒഴിവാക്കുമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണങ്ങള്‍. എ.എഫ്.എസ്.പി.എ നിയമം എടുത്തുമാറ്റാനുള്ള നീക്കം തകര്‍ക്കുക എന്ന ലക്ഷ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഒമര്‍ അബ്ദുള്ളയുടെ അമ്മാവനും കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരനും കൂടിയായ കമാല്‍ പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി എ.എഫ്.എസ്.പി.എ നിയമം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരെയാണ് ഇവിടെ സംശയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമാലിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന് സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കികൊണ്ട് വക്താവ് ലെഫ്റ്റനന്റ് കേണല്‍ ബ്രാര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ശ്രീനഗറില്‍ നാല് മണിക്കൂറിനുള്ളില്‍ നാല് സ്‌ഫോടനം നടന്നത്. അക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫുകാര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കമാല്‍ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ സൈന്യത്തിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് തന്റെ പ്രസ്താവന കമാല്‍ നിഷേധിച്ചിട്ടുണ്ട്.

സംഭവം നടന്ന് 24 മണിക്കൂര്‍ പോലും കഴിഞ്ഞിട്ടില്ല. അതിനുള്ളില്‍ തന്നെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഊഹിക്കാന്‍ കഴിയില്ലെന്നും കമാല്‍ പി.ടി.ഐയോട് പറഞ്ഞു. പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.