Categories

യോഗി ആദിത്യനാഥിനെ ഗുണ്ടയെന്നു വിളിച്ചതിന് മാപ്പു ചോദിച്ച് ശിരിഷ് കുന്ദര്‍

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗുണ്ടയെന്നു വിളിച്ച സംഭവത്തില്‍ മാപ്പു ചോദിച്ച് ബോളിവുഡ് സംവിധായകന്‍ ശിരിഷ് കുമാര്‍. ആദിത്യനാഥിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത ശിരിഷിനെതിരെ നേരത്തെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശിരിഷ് മാപ്പു ചോദിച്ചു കൊണ്ട് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു ശിരിഷിന്റെ മാപ്പപേക്ഷ. ‘ ഞാന്‍ മാപ്പു ചോദിക്കുന്നു. ആരേയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നില്ല എന്റെ ട്വീറ്റ്.’ എന്നായിരുന്നു ശിരിഷിന്റെ ട്വീറ്റ്.

യോഗി ആദിത്യനാഥിനെ ഗുണ്ട എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള തന്റെ ട്വീറ്റാണ് ശിരിഷിന് വിനയായത്. ‘ ഒരു ഗുണ്ടയെ ഭരണം ഏല്‍പ്പിച്ചാല്‍ അയാള്‍ ഒരു പക്ഷെ അക്രമം തടഞ്ഞേക്കാം, പീഡിപ്പിക്കാന്‍ അനുവദിക്കുന്നതോടെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതു പോലെ.’ എന്നായിരുന്നു ശിരിഷിന്റെ ട്വീറ്റ്.

ശിരിഷിന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നത്, ഒരു ഗുണ്ടയെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ലോജിക്ക് അംഗീകരിച്ചാല്‍ ദാവൂദ് ഇബ്രാഹിമിനെ സി.ബി.ഐ ഡയറക്ടറും വിജയ് മല്ല്യയെ ആര്‍.ബി.ഐ ഗവര്‍ണറും ആക്കേണ്ടിവരുമെന്നാണ്.


Also Read: തന്റെ ജാതി ആരോക്കെയോ പറഞ്ഞ് തരം താഴ്ത്തിയതാണ്, ആ ജാതിയുടെ പേരില്‍ നിന്നും തനിക്ക് ലഭിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് വിനായകന്‍


ശിരിഷിന്റെ പരിഹാസരൂപേണയുള്ള ട്വീറ്റ് പോയ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി അമിത് കുമാര്‍ തിവാരി രംഗത്തെത്തുന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ഭര്‍ത്താവുമാണ് ശിരിഷ് കുന്ദര്‍. അക്ഷയ് കുമാര്‍ നായകനായ തീസ് മാര്‍ ഖാന്‍ ആയിരുന്നു ഇദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം.

Tagged with: