കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് എം.എസ്.എഫില്‍ ആഭ്യന്തര കലഹം രൂക്ഷമായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തി എം.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയെ മരവിപ്പിച്ചു. പത്രക്കുറിപ്പിലൂടെയാണ് സംസ്ഥാന കമ്മറ്റി തീരുമാനം അറിയിച്ചത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മലപ്പുറം എക്സിക്ക്യൂട്ടീവ് സ്ഥാനാര്‍ത്ഥി എസ്.എഫ്.ഐ സ്ഥാനാര്‍ഥിയോട് 6 വോട്ടുകള്‍ക്ക് തോറ്റിരുന്നു. 20 വോട്ടുകള്‍ക്ക് എം.എസ്.എഫ് വിജയം ഉറപ്പിച്ച സീറ്റായിരുന്നു ഇത്. അപ്രതീക്ഷിത തോല്‍വിക്ക് കാരണം മലപ്പുറം ജില്ലാ ഭാരവാഹികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനവും സംസ്ഥാന കമ്മറ്റിയോടുള്ള വിയാജിപ്പുമാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

എം.എസ്.എഫ് സംസ്ഥാനസെക്രട്ടറി നിഷാദ് കെ സലീം, ട്രഷറര്‍ യുസഫ് വെല്ലാഞ്ചിറ, വൈസ് പ്രസിഡന്‍് ഷരീഫ് വടക്കയില്‍ തുടങ്ങി കമ്മറ്റിയില്‍ കൂടുതലും മലപ്പുറത്ത് നിന്നുള്ളവരാണ്. ഇവരും മലപ്പുറം ജില്ലാ ഭാരവാഹികളും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയിലാണ്. പ്രത്യേകിച്ച് സെക്രട്ടറിയുമായി. അതിനാല്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിക്ക് ഒറ്റക്ക് നേതൃത്വം നല്‍കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞമാസം പത്തനംതിട്ട ചരല്‍ക്കുന്നില്‍ വെച്ച് നടന്ന എം.എസ്.എഫ് സംസ്ഥാന പഠന ക്യാമ്പില്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായി ബന്ധപ്പെട്ടു വന്ന പ്രമേയം വാര്‍ത്തയായിരുന്നു. ഇതിന് കാരണം സംസ്ഥാന സെക്രട്ടറിയുടെ ഇടപെടലാണെന്ന് ആക്ഷേപം ഉണ്ടായിരുന്നു. ഇലക്ഷന്‍ പ്രവര്‍ത്തനത്തില്‍ വീഴ്ച്ച വരുത്തിയവരെ പുറത്താക്കാനുള്ള നീക്കമുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനസെക്രട്ടറി നിഷാദ് കെ സലീം ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അധികവും മലപ്പുറം ജില്ലക്കാരായിരുന്നു. എന്നിട്ടും മലപ്പുറം എക്സിക്ക്യൂട്ടീവ് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ എം.എസ്.എഫിനുണ്ടായ കടുത്ത പരാജയത്തിന് കാരണം മലപ്പുറത്ത് നിന്നുള്ള സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും തമ്മിലുള്ള പ്രശ്നമാണെന്നാണ് മറ്റു ഘടകങ്ങളുടെയും വിലയിരുത്തല്‍. തോല്‍വിയുടെ മുഴുന്‍ ഉത്തരവാദിത്ത്വം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ സംസ്ഥാനസെക്രട്ടറി നിഷാദ് കെ സലീമിനാണെന്നും കൂടാതെ കെ.എസ്.യു കാലുവാരിയെന്നും എം.എസ്.എഫ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നുണ്ട്.


Also Read വസ്ത്രധാരണത്തിന് ‘കള്‍ച്ചറില്ല’; ചാനല്‍ ഷോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരുകന്‍ കാട്ടാക്കട


കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സമ്പൂര്‍ണ്ണ വിജയം നേടിയിരുന്നു. എം.എസ്.എഫ് കെ എസ് യു സഖ്യത്തെ മുഴുവന്‍ സീറ്റിലും പരാചയപെടുത്തിയാണ് എസ്.എഫ്.ഐ വിജയം നേടിയത്. ഇതോടെ സമ്പൂര്‍ണ പരാജയമാണ് മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം വലതു വിദ്യാര്‍ത്ഥി സഘടനകള്‍ക്ക് ഉണ്ടായത്.