ശ്രീനഗര്‍: സമാധാനപരമായ ഒരു വേനല്‍ പടിയിറങ്ങിയതോടെ താഴ്‌വരയിലെ യുവാക്കള്‍ പുതിയ ലക്ഷ്യത്തോടെ ഉണര്‍ന്നിരിക്കുകയാണ്. സുരക്ഷാ സൈനികരും യുവാക്കളും തമ്മില്‍ ഭീകരമായ ഏറ്റുമുട്ടലുകള്‍ക്കാണ് കശ്മീര്‍ ഇതുവരെ സാക്ഷ്യം വഹിച്ചിരുന്നത്. ഇപ്പോള്‍ സംഘര്‍ഷാവസ്ഥക്ക് കുറച്ച് അയവു വന്നിട്ടുണ്ട്. സംഘര്‍ഷഭരിതമായി തങ്ങളുടെ ജീവിതം പാഴായി പോകാതിരിക്കാന്‍ ഉന്നതപഠനവും തൊഴിലും തേടി ഇറങ്ങുകയാണ് കാശ്മീര്‍ യുവത്വം.

ഈ വര്‍ഷത്തിന് മുന്‍പുള്ള മൂന്ന് വര്‍ഷവും താഴ്‌വരയിലെ വേനല്‍കാലം സംഘര്‍ഷഭരിതമായ അവസ്ഥയിലായിരുന്നു. ഇത്തവണ താഴ്‌വരയിലെ യുവത്വം ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശത്തുമായി ജോലി അന്വേഷിച്ചു യാത്രയായിക്കഴിഞ്ഞു. കേളേജുകളില്‍ ചേരാനും തൊഴിലധിഷ്ഠിതമായ വിവിധ കോഴ്‌സുകള്‍ പഠിക്കാനും ഒരുങ്ങുകയാണ് മറ്റൊരു പറ്റം. ക്യാംപസ് പ്ലേസ്‌മെന്റുകള്‍ക്കും ഇന്റര്‍നെറ്റ് ഇന്റര്‍വ്യൂകള്‍ക്കും വേണ്ടി ഒരുങ്ങാനും ഭൂരിഭാഗം പേരും ആരംഭിച്ചിരിക്കുന്നു.

Subscribe Us:

സിവില്‍ സര്‍വ്വീസിലും സര്‍ക്കാര്‍ ജോലികളിലും ശ്രദ്ധയൂന്നുന്ന യുവാക്കള്‍ കാശ്മീരില്‍ കൂടിവരികയാണ്. കാശ്മീരി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മെഡിസിന്‍, എഞ്ചിനീയറിംഗ്, ഐ.ടി, മാനേജ്‌മെന്റ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന മത്സരപ്പരീക്ഷകളില്‍ പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്. നൂറുകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഐ.എ.എസ് കോച്ചിംഗ് ക്ലാസ്സുകളില്‍ അടുത്തിടെ ചേര്‍ന്നു കഴിഞ്ഞു.

അശാന്തമായ താഴ്‌വരയില്‍ നിന്നുള്ളവര്‍ എന്ന ഒറ്റ കാരണത്താല്‍ പക്ഷേ, എല്ലായിടത്തും ഇവര്‍ സംശയത്തിന്റെ ദൃഷ്ടിയിലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കാശ്മീരി യുവാക്കളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. ഒരുതരം ആശങ്കയോടെയാണ് പഠിപ്പിക്കുന്ന അധ്യാപകരും കൂടെ പഠിക്കുന്നവരും ഇവരോട് പെരുമാറുന്നത്. കാശ്മീരിന് പുറത്ത് ഇവരെ കാത്തിരിക്കുന്ന പ്രതിബന്ധങ്ങള്‍ അറിയാതെയാണ് പലരും പഠിക്കാനും തൊഴിലെടുക്കാനും പുറം നാടുകളില്‍ എത്തുന്നത്. എങ്കിലും കഠിനാദ്ധ്വാനത്തിലൂടെ എല്ലാം തരണം ചെയ്ത് ഉന്നത വിജയം കരസ്ഥമാക്കി മടങ്ങുന്നവരാണ് അധികവും.