തൃശൂര്‍: കൊല്ലപ്പെട്ട് 42 വര്‍ഷങ്ങള്‍ക്ക് ശേഷം രക്തസാക്ഷി ദിനം ആചരിക്കുക എന്ന അപൂര്‍വതയുമായി എത്തിയിരിക്കുകയാണ് സി.പി.ഐ.എം അന്തിക്കാട് ലോക്കല്‍ കമ്മിറ്റി. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സുബ്രഹ്മണ്യന്റെ രക്തസാക്ഷി ദിനമാണ് നാളെ അന്തിക്കാട് ലോക്കല്‍ കമ്മിറ്റി ആചരിക്കുന്നത്.

Ads By Google

സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന സുബ്രഹ്മണ്യനെ സി.പി.ഐ കൊന്നെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. ഇത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.

1970 ഒക്ടോബര്‍ 2 നായിരുന്നു സുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടത്. സി.പി.ഐ ആണ് കൊന്നതെന്നാരോപിച്ച് സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ ഏറെ വാഗ്വാദങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സുബ്രഹ്മണ്യന്‍ ഒരു പാര്‍ട്ടിയിലേയും അംഗമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുവരെ സുബ്രഹ്മണ്യന്റെ ഒരു രക്തസാക്ഷി ദിനവും ആചരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

നാളെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് അന്തിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തും.