എഡിറ്റര്‍
എഡിറ്റര്‍
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം; സി.ബി.ഐ ചരിത്രത്തിലെ ദീര്‍ഘകാല അന്വേഷണം ഇപ്പോഴും തുടരുന്നു
എഡിറ്റര്‍
Thursday 27th March 2014 6:56am

sister-abhaya

കോട്ടയം: രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയുമായി ഇനിയും തെളിയ്ക്കപ്പെടാതെ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഇപ്പോഴും തുടുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 22 വര്‍ഷമായി.  കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് അവിടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

തുടര്‍ന്ന് മാര്‍ച്ച് 31ന് അന്നത്തെ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.  ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. അതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.െഎ. കേസ് ഏറ്റെടുക്കുകയും ചെയ്തു.

രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 18ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. 2009 ജൂലായ് 17ന് ഇവര്‍ക്കെതിരെ കുറ്റപത്രവും നല്‍കി. അതിനിടെ ഇവരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ. തുടരന്വേഷണം നടത്തണമെന്ന് അഭയക്കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഈ മാസം 19ന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നു കാണിച്ച് 1996, 1999, 2005 വര്‍ഷങ്ങളില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.െഎ. കോടതിയുടെ അനുമതി തേടി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ മൂന്ന് തവണയും സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മൂന്ന് പ്രതികളെ സി.ബി.െഎ. അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഫാദര്‍ തോമസ് എം.കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ക്കെതിരെയുള്ള വിചാരണ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ തുടങ്ങിയിരുന്നു. എന്നാല്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി അത് സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Advertisement