എഡിറ്റര്‍
എഡിറ്റര്‍
ഇരുപത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മ എല്‍.ഡി.എഫിന്റെ വേദിയില്‍
എഡിറ്റര്‍
Tuesday 18th March 2014 12:45am

gouriyamma.

ആലപ്പുഴ: രണ്ട് പതിറ്റാണ്ടിന് ശേഷം ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ  വേദി പങ്കിട്ടു. ആലപ്പുഴ ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗരിയമ്മ  സാക്ഷ്യം വഹിച്ചത്.

ജി. സുധാകരന്റെ സ്വാഗതപ്രസംഗം നടക്കുമ്പോഴാണ് ഗൗരിയമ്മ വേദിയിലെത്തിയത്. പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തിയ ഗൗരിയമ്മയെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.  ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തിയതിന് പിറകെയായിരുന്നു ഗൗരിയമ്മയുടെ വരവ്.

കോണ്‍ഗ്രസിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി കുറ്റപ്പെടുത്തിയായിരുന്നു ഗൗരിയമ്മയുടെ പ്രസംഗം. വേദിയിലെ ചടങ്ങില്‍ വെച്ച് വി.എസിനെയും ഗൗരിയമ്മയെയും സി.പി.ഐ.എം നേതാക്കള്‍ പട്ടുപുടവ അണിയിച്ച് ആദരിച്ചു.

കോണ്‍ഗ്രസുമായി ഉടലെടുത്ത പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ് യു.ഡി.എഫ് വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഗൗരിയമ്മ എല്‍.ഡി.എഫിലേക്ക് തിരികെ വരുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് സി.പി.ഐ.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന്  ഗൗരിയമ്മ അറിയിച്ചിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തുമെന്നും സി.പി.ഐ.എമ്മില്‍ ലയിക്കാനാണ് താല്‍പ്പര്യമെന്നും ഗൗരിയമ്മ വ്യക്തമാക്കിയിരുന്നു. അതേ സമയം തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു.

1994 ജനുവരി ഒന്നിനാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഗൗരിയമ്മയെ അച്ചടക്ക രാഹിത്യത്തിന്റെയും തന്‍പ്രമാണിത്വത്തിന്റെയും പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

അതേവര്‍ഷം മാര്‍ച്ചില്‍ ജനാധിപത്യ സംരക്ഷണവേദി രൂപീകരിച്ചാണ് ഗൗരിയമ്മ യു.ഡി.എഫില്‍ എത്തിയത്.

Advertisement