എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ പോകുന്നെന്ന കത്ത് കിട്ടി: വധശിക്ഷ നടപ്പാക്കി മൂന്നാംദിവസം
എഡിറ്റര്‍
Tuesday 12th February 2013 12:35am

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ തള്ളിയെന്നും അദ്ദേഹത്തെ തൂക്കിലേറ്റാന്‍ പോവുകയാണെന്നുമുള്ള കത്ത് അദ്ദേഹത്തിന്റെ ഭാര്യ തബാസമിന് ലഭിച്ചത് വധശിക്ഷ നടപ്പാക്കി മൂന്ന് ദിവസം പിന്നിട്ടതിന് ശേഷം.

Ads By Google

സ്പീഡ്‌പോസ്റ്റില്‍ തിങ്കളാഴ്ച രാവിലെയാണ് കത്ത് കിട്ടിയത്. ശിക്ഷ നടപ്പാക്കുന്ന തീയതിയും സമയവുമൊക്കെ അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, തൂക്കിലേറുന്നതിനു തൊട്ടുമുമ്പ് അഫ്‌സല്‍ ഭാര്യ തബാസമിന് കത്തയച്ചതായി ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി. ഉര്‍ദുവിലുള്ള കത്തിന്റെ ഉള്ളടക്കം അറിയില്ലെന്നും അവര്‍ പറഞ്ഞു.

ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ശനിയാഴ്ച രാവിലെയാണ് വധശിക്ഷ അതിരഹസ്യമായി നടപ്പാക്കിയത്. വിവരം കശ്മീരിലെ സൊപോറിലുള്ള അഫ്‌സലിന്റെ കുടുംബത്തെ സ്പീഡ്‌പോസ്റ്റ് മുഖേന അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്.

എന്നാല്‍ തങ്ങളെ ആരും വിവരമറിയിച്ചിട്ടില്ലെന്നും ടി.വി. ചാനലുകളില്‍നിന്നാണ് ശിക്ഷ നടപ്പാക്കിയത് അറിഞ്ഞതെന്നും കുടുംബം വ്യക്തമാക്കിയതോടെ സംഭവം വിവാദമായി.

അഫ്‌സലിനെ തൂക്കിലേറ്റുന്ന തീയതിയും സമയവും അറിയിച്ചുള്ള തിഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് ന്യൂഡല്‍ഹിയിലെ ജനറല്‍ പോസ്‌റ്റോഫീസില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത് അയച്ചതാണ്.

ഇത് കശ്മീരിലെ ജനറല്‍ പോസ്റ്റ് ഓഫീസിലെത്തിയത് അഫ്‌സല്‍ തൂക്കിലേറ്റപ്പെട്ട ശനിയാഴ്ച വൈകിട്ട്. അന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ തപാല്‍വിതരണം നടന്നില്ല. ഞായറാഴ്ച പൊതു അവധിദിനമായതിനാല്‍ കത്ത് തിങ്കളാഴ്ചയാണ് വിലാസക്കാരിക്ക് എത്തിച്ചതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ജോണ്‍ സാമുവല്‍ പറഞ്ഞു.

അന്ത്യനിമിഷങ്ങള്‍ക്കുമുമ്പ് അഫ്‌സലിനെ കാണാന്‍ കുടുംബത്തെ അനുവദിക്കാതിരുന്നത് ദുരന്തമായിപ്പോയെന്നാണ് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കഴിഞ്ഞദിവസം പ്രതികരിച്ചത്.

വധശിക്ഷ നടപ്പാക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കാത്തതിനെതിരെ മനുഷ്യാവകാശസംഘടനകളുംമറ്റും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Advertisement