എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് നന്നായെന്ന് മോഡി
എഡിറ്റര്‍
Saturday 9th February 2013 1:45pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തു. താമസിച്ച് പോയെങ്കിലും വധശിക്ഷ നടപ്പാക്കിയത് നന്നായെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.

Ads By Google

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ബി.ജെ.പി സ്വാഗതം ചെയ്തു. ഏറെ കാത്തിരുന്നതും ഏറെ ആവശ്യമായിരുന്നതുമായ തീരുമാനമാണിതെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2005 ല്‍ തന്നെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള വിധി സുപ്രീംകോടതി നല്‍കിയിരുന്നതായും എന്നാല്‍ ഇത്രയും നാള്‍ അത് താമസിച്ചതിനുള്ള കാരണം വ്യക്തമല്ലെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

അതേസമയം ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടലുകള്‍ക്ക് വിധേയരാവരുതെന്നും കശ്മീര്‍ ജനതയോട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.

ഈ വധശിക്ഷയ്‌ക്കെതിരെ ചില പ്രതിഷേധം ഉയര്‍ന്നുവരാനിടയുണ്ടെങ്കിലും പ്രശ്‌നം രാഷ്ട്രീയമായും വ്യക്തിപരമായും ഉപയോഗിച്ച് സ്ഥിതി വഷളാക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടലിന് വിധേയരാകരുത്. പ്രതിഷേധങ്ങള്‍ക്കായി രംഗത്തിറങ്ങി സ്ഥിതി ഗുരുതരമാക്കരുതെന്നും ഒമര്‍ അഭ്യര്‍ഥിച്ചു.

കശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചാണ് അധികൃതര്‍ സുരക്ഷ ശക്തമാക്കിയത്. രാവിലെ എട്ടിന് കശ്മീരിലെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിട്ടാണ് സുരക്ഷാ സ്ഥിതി വിലയിരുത്തുന്നത്.

പ്രധാനപാതകളിലും കെട്ടിടങ്ങള്‍ക്കു സമീപവും പൊലീസിന്റെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും ശക്തമായ സാന്നിധ്യമുണ്ട്. ബാരാമുല്ലയിലും അഫ്‌സല്‍ ഗുരുവിന്റെ സ്വദേശമായ സോപോറിലും കര്‍ഫ്യൂ ലംഘിക്കാന്‍ ശ്രമമുണ്ടായി.

ഇവിടങ്ങളില്‍ ആകാശത്തേക്ക് വെടിവച്ചാണ് പൊലീസ് നിയന്ത്രണം ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പ്രതിഷേധം ഒഴിവാക്കാന്‍ ടിവി ഓപ്പറേറ്റര്‍മാരോട് വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു.

Advertisement