കറാച്ചി: ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ താരം ഷഹീദ് അഫ്രീഡി ഏകദിനങ്ങളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും നേരിടുന്ന അവഗണനയാണ് താരത്തെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

നേരത്ത ടീം കോച്ച് വഖാര്‍ യൂനിസുമായി ഉടക്കിയതിന്റെ പേരില്‍ അഫ്രീഡിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. അയര്‍ലന്റിനെതിരേ ആരംഭിക്കുന്ന ഏകദിനപരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി മിസ്ബ ഉള്‍ ഹഖിനെയാണ് ബോര്‍ഡ് നിയമിച്ചത്.

മറ്റ് കളിക്കാരനെപ്പോലെ അഫ്രീഡി ടീമില്‍ തുടരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഫ്രീഡിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. വെസ്റ്റിന്‍ഡീസിനെതിരേയുള്ള പരമ്പരയ്ക്കുശേഷമാണ് ടീം കോച്ച് വഖാര്‍ യൂനിസും അഫ്രീഡിയും തമ്മിലുള്ള പടലപ്പിണക്കം ആരംഭിച്ചത്. തുടര്‍ന്ന് ബോര്‍ഡ് അഫ്രീഡിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.