Categories

വിരമിച്ചില്ല, പാക്കിസ്താന് വേണ്ടി കളിക്കാന്‍ തയ്യാര്‍: അഫ്രീദി

കറാച്ചി: താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ലെന്നും പഴയ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും പരിശീലകനും കീഴില്‍ കളിക്കുന്നില്ല എന്ന് മാത്രമാണ് പറഞ്ഞതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാഹിദ് അഫ്രീദി. പാക്കിസ്താന് വേണ്ടി വീണ്ടും കളിക്കാന്‍ തയാറാണെന്നും അഫ്രീദി പറഞ്ഞു.

കഴിഞ്ഞ മെയിലാണ് ടീമിലെ അഫ്രീദിയുടെ സ്ഥാനം തെറിച്ചത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ടീമില്‍ നിന്ന് തന്നെയും മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് ഒഴിവാക്കുകയായിരുന്നു. കോച്ച് വഖാര്‍ യൂനിസുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസവും അഫ്രീദിയുടെ സ്ഥാനം തെറിക്കാന്‍ കാരണമായി.

ടീമിലെ സ്ഥാനം നഷ്ടമായതില്‍ പ്രതിഷേധിച്ച് താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അഫ്രീദി പറഞ്ഞിരുന്നു. ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും പരിശീലകനും മാറിയ സാഹചര്യത്തിലാണ് താന്‍ രാജ്യത്തിന് വേണ്ടി വീണ്ടും ഇറങ്ങാന്‍ തീരുമാനിച്ചതെന്നും അഫ്രീദി വ്യക്തമാക്കി.

സിംബാബ്‌വേ പര്യടനത്തിന് ശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ വഖാര്‍ യൂനിസ് പരിശീലക സ്ഥാനത്ത് നിന്നും കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇജാസ് ബട്ടും ഒഴിഞ്ഞിരുന്നു.

നിലവില്‍ സീനിയര്‍ വലം കയ്യന്‍ ബാറ്റ്‌സമാന്‍ മിസബാ-ഉള്‍-ഹഖാണ് പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിനെ ടി-20യിലും, ടെസ്റ്റിലും, ഏകദിനത്തിലും നയിക്കുന്നത്. യു.എ.യില്‍ ശ്രീലങ്കക്കെതിരായ പര്യാടനത്തിലാണ് പാക്കിസ്താന്‍ ടീമിപ്പോള്‍. അഫ്രീഡിയുടെ പുതിയ പ്രഖ്യാപനത്തോട് പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ പല മുന്‍ താരങ്ങളും അഫ്രീഡിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.