മുന്‍പെങ്ങുമില്ലാത്ത വിധം പടിഞ്ഞാറന്‍ ആഫ്രിക്ക്രയില്‍ നിന്ന് പെണ്‍വാണിഭത്തിനും മയക്കു മരുന്ന് കച്ചവടത്തിനുമായി മനുഷ്യക്കടത്ത് വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് പടിഞ്ഞാറന്‍ ആഫ്രിക്ക്രക്കാര്‍ നല്ല ജീവിത സാഹചര്യങ്ങള്‍ തേടി യൂറോപ്പിലേക്ക് പാലായനം ചെയ്യുന്നുണ്ട്. അവരില്‍ പലരും എത്തിപ്പെടുന്നത് ക്രിമിനല്‍ ഹബ്ബുകളിലാണ്. പരസ്പരം മത്സരം നടത്തുന്ന മാഫിയ ഗ്യാങ്ങുകളുടെ കൈയ്യിലകപ്പെടുന്നതോടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ മോഹിച്ചുള്ള യാത്രയ്ക്ക് ദുരന്ത പൂര്‍ണ്ണമായ അന്ത്യമാകുന്നു.

ദക്ഷിണ ഇറ്റലിയില്‍ ചൂഷണത്തിന് വിധേയരാകുന്നവരില്‍ കൂടുതലും നൈജീരിയന്‍ പെണ്‍കുട്ടികളാണ്. മുന്‍പത്തേക്കാളൊക്കെ കൂടുതല്‍ ശക്തമായ രീതിയില്‍ ഇറ്റലിയില്‍ ഈ മാഫിയകള്‍ പിടിമുറുക്കികൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസ്റ്റല്‍ വോള്‍ട്ടാനൊ പ്രദേശത്തെ 28 കിലോമീറ്ററോളം സ്ഥലം ആസൂത്രിതമായ നീക്കങ്ങളിലൂടെ മാഫിയകള്‍ കൈയ്യടക്കി കഴിഞ്ഞു. ഈ സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന പ്രധാന റോഡിനിരുവശത്തും ഇടപാടുകാരെ കാത്തിരിക്കുന്ന നൈജീരിയന്‍ യുവതികളെയും പെണ്‍കുട്ടികളെയും കാണാമത്രെ. കടന്നു പോകുന്ന ഓരോ വാഹനങ്ങളുടെ നേരെയും കൈ വീശി കാണിച്ച് ഇവര്‍ ദിവസത്തില്‍ പതിനെട്ടും ഇരുപതും മണിക്കൂറുകള്‍ തുടര്‍ച്ചയായി തെരുവില്‍ ഇങ്ങനെ നില്‍ക്കുമത്രെ. ഓരോ ഇടപാടുകാരന്റെ അടുത്തു നിന്നും ലഭിക്കുന്ന തുഛമായ സംഖ്യ സ്വരൂപിച്ച് ഇവരെ നിയന്ത്രിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കണം.

പെണ്‍വാണിഭത്തിനായി ഇറ്റലിയില്‍ ഇപ്പോള്‍ ആയിരത്തിലധികം യൂറോപ്യന്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് ഈ ചൂഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒരോ സ്ത്രീയും രണ്ടോ മൂന്നോ പെണ്‍കുട്ടികളെ അടിമകളെന്ന പോലെ നിയന്ത്രിക്കുന്നുണ്ട്. അവരെ സഹായിക്കുന്ന പുരുഷന്മാര്‍ പെണ്‍കുട്ടികളെ ആവിശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നു. ഇവര്‍ പെണ്‍കുട്ടികളെ വേശ്യവൃത്തിക്ക് നിര്‍ബന്ധിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്യുന്നു. ഈ ഗ്യാങ്ങില്‍ ഒരിക്കല്‍ അകപ്പെട്ടാല്‍ പിന്നെ രക്ഷപ്പെടുക പ്രയാസമാണ്. മയക്കു മരുന്ന് കച്ചവടത്തിലൂടെയും മതവിശ്വാസങ്ങള്‍ വളച്ചൊടിച്ചുമാണ് നൈജീരിയയിലെ മനുഷ്യക്കടത്ത് വ്യാപിപ്പിക്കുന്നത്.

പതിനായിരത്തിലധികം നൈജീരിയന്‍ ലൈംഗിക തൊഴിലാളികള്‍ ഇപ്പോള്‍ ഇറ്റലിയില്‍ ഉണ്ടെന്നാണ് യുണൈറ്റഡ് നാഷന്‍സ് ഇന്റര്‍റീജിയണല്‍ ക്രൈം ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. പെണ്‍കുട്ടികളെ ഈ ചൂഷകരില്‍ നിന്ന് രക്ഷപ്പെടുത്താനും തൊഴില്‍ നല്‍കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ അവിടുത്തെ ബിഷപ്പിന്റെയും മറ്റു പ്രമുഖരുടെയും നേതൃത്വത്തില്‍ രംഗത്തുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം വേണ്ടത്ര ഫലവത്താകുന്നില്ല. കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ-മയക്കു മരുന്ന് മാഫിയകളുടെ വലയിലകപ്പെട്ട ആഫ്രിക്കന്‍ യുവതികളുടെ ജീവിതം ഭയാനകമായ രീതിയില്‍ ദുരിതപൂര്‍ണ്ണമാണെന്ന് ഈ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. തങ്ങള്‍ പെണ്‍കുട്ടികളെ സമീപിക്കുമ്പോള്‍ കൂടെ വരാന്‍ അവര്‍ തയ്യാറാകുന്നില്ല, തങ്ങളെയും തങ്ങളുടെ കുടുംബത്തെയും ഉപദ്രവിക്കുമെന്ന ഭയമാണ് പെണ്‍കുട്ടികളെ സ്വാതന്ത്ര്യത്തില്‍ നിന്ന് പന്‍തിരിക്കുന്നതെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.