ട്രിപ്പോളി: ലിബിയിലേക്കുള്ള ആയുധ ഒഴുക്ക് ആഫ്രിക്കന്‍ യൂണിയനെ ആശങ്കയിലാക്കുന്നു. ഫ്രാന്‍സില്‍ നിന്നാണ് നേരത്തെ ലിബിയയിലേക്ക് ആയുധമെത്തിയിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം മുതല്‍ ലിബിയയിലേക്ക് ആയുധമെത്തിച്ചിട്ടില്ലെന്ന ഫ്രാന്‍സിന്റെ വെളിപ്പെടുത്തലാണ് എ.യു വിന് പരിഭ്രാന്തിയുണ്ടാക്കുന്നത്.

ലിബിയയ്ക്ക് വിതരണം ചെയ്യപ്പെടുന്ന ആയുധങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അസ്ഥിരതയിലേക്ക് നയിക്കുമെന്ന് മാല്‍ബോയില്‍ നടന്ന ആഫ്രിക്കന്‍ നേതാക്കളുടെ സമ്മേളനത്തില്‍ എ.യു കമ്മീഷണല്‍ ജീന്‍ പിംങ് അറിയിച്ചു. ആയുധങ്ങള്‍ ആര് നല്‍കുന്നു എന്ന കാര്യത്തിലല്ല, മറിച്ച് ഇത് എല്ലാ പാര്‍ട്ടികള്‍ക്കും വിതരണം ചെയ്യുന്നുണ്ട് എന്നതിലാണ് തങ്ങളുടെ ആശങ്കയെന്നും അദ്ദേഹം അറിയിച്ചു.

ലിബിയയിലെ നിരായുധരായ വിമതര്‍ക്ക് ഗ്രനേഡ്, റോക്കറ്റ്, തോക്കുകള്‍, റൈഫിള്‍സ് എന്നിവ ഫ്രാന്‍സ് എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍ ഒരു മാസമായി തങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചിട്ടെന്ന് ഫ്രഞ്ച് ജനറല്‍ സ്റ്റാഫിന്റെ വക്താവ് കേണല്‍ തിറൈ ബര്‍ക്കാഡ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിന്റെ ഈ വെളിപ്പെടുത്തല്‍ എയുവില്‍ പുതിയ തലവേദനയായിട്ടുണ്ട്.