എഡിറ്റര്‍
എഡിറ്റര്‍
പെണ്ണായിപ്പിറന്നതിന് ക്രൂരമര്‍ദനത്തിനിരയായ അഫ്രീന്‍ വിടപറഞ്ഞു
എഡിറ്റര്‍
Wednesday 11th April 2012 5:33pm

ബംഗളുരു: പിറന്നത് പെണ്‍കുഞ്ഞയതിനാല്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ച കുഞ്ഞ് മരിച്ചു. മൂന്നുമാസം പ്രായമുള്ള അഫ്രീന്‍ എന്ന നേഹ ബാനുവാണ് ആശുപത്രിയില്‍ ജീവിതത്തോട് വിടപറഞ്ഞത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. സംഭവത്തില്‍ പിതാവ് ഉമര്‍ ഫാറൂഖിനെ (22) കെജി ഹള്ളി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ശിവാജിനഗറില്‍ കാര്‍ പെയിന്ററാണ് ഒമര്‍ ഫാറൂഖ്.

ദേഹമാസകലം മുറിവുകളും അടികൊണ്ടതിന്റെ പാടുകളുമായി അഫ്രീന്‍ എന്ന പിഞ്ചുകുഞ്ഞിനെ വ്യാഴാഴ്ചയാണ് അത്യാസന്നനിലയില്‍ ബംഗളൂരു വാണി വില്ലാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. തലച്ചോറിലും ദേഹത്തും മാരക ക്ഷതങ്ങളേറ്റ് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. മസ്തിഷ്‌കത്തിലെ രക്തസ്രാവമാണ് മരണത്തിലേക്കു നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനിച്ചതു മുതല്‍ ഈ കുഞ്ഞിനെ പല തരത്തില്‍ ഉപദ്രവിക്കുകയാണു ഭര്‍ത്താവെന്നു കുഞ്ഞിന്റെ മാതാവ് രേഷ്മ ബാനു മൊഴിനല്‍കിയിരുന്നു. കുഞ്ഞിന്റെ ദേഹത്തു കടിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളുമുണ്ട്.

ഒമര്‍ ഫാറൂഖിന്റെ രണ്ടാം ഭാര്യയാണു രേഷ്മ. ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച രേഷ്മ ബാനുവിനും ഭര്‍ത്താവിന്റെ പീഡനം നേരിടേണ്ടി വന്നിരുന്നെന്നും പ്രസവിച്ചപ്പോള്‍ അതില്‍ ഒരു കുഞ്ഞു മാത്രമാണു ജീവനോടെ ഉണ്ടായതെന്നും പൊലീസ് പറയുന്നു. ജനിച്ചതു പെണ്‍കുഞ്ഞാണെന്നറിഞ്ഞതു മുതല്‍ ഇയാള്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമം തുടങ്ങി.

കുഞ്ഞിനെ കിടത്തിയ തൊട്ടില്‍ വളരെ വേഗത്തില്‍ ആട്ടുക, കുഞ്ഞിനെ കടിക്കുക തുടങ്ങി പീഡനങ്ങള്‍ ഏറെയായിരുന്നെന്നു രേഷ്മ പൊലീസിനോടു പറഞ്ഞു. എതിര്‍ക്കാന്‍ ചെല്ലുമ്പോള്‍ രേഷ്മയ്ക്കും മര്‍ദനമേല്‍ക്കുമായിരുന്നു. കഴിഞ്ഞ ഏഴാം തീയതി കുഞ്ഞ് ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ രേഷ്മ ബൗറിങ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് തൊട്ടടുത്ത വാണിവിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഭോപ്പാലില്‍ ആണ്‍ കുഞ്ഞിനെ ആഗ്രഹിച്ച മധ്യപ്രദേശിലെ ഒരു പിതാവ് രണ്ട് ദിവസം മാത്രം പ്രായമുള്ള തന്റെ പെണ്‍ കുഞ്ഞിനെ നികോട്ടിന്‍ കൊടുത്ത് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നരേന്ദ്ര റാണ എന്ന നാല്‍പതുകാരനാണ് ആറ് മാസം മുമ്പ് സ്വന്തം കുഞ്ഞിനെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മാസങ്ങള്‍ക്ക് ശേഷം ഗ്വളിയോറിലെ മുറ്റാലുള്ള വീട്ടില്‍ നിന്നും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

Advertisement