കറാച്ചി: ബാറ്റിംങ് ഇതിഹാസം സച്ചിന് തന്നെ പേടിച്ചിരുന്നെന്ന ഫാസ്റ്റ് ബൗളര്‍ ഷൊയിബ് അക്തറിന്റെ വെളിപ്പെടുത്തലിന് പിന്തുണയുമായി പാക്ക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി രംഗത്ത്. അക്തറിനെ അഭിമുഖീകരിക്കുമ്പോള്‍ സച്ചിന്റെ കാലില്‍ വിറയലുണ്ടാവുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു.

ഏതൊരു ബാറ്റ്‌സ്മാനും സമ്മര്‍ദ്ദം അനുഭവപ്പെടുന്ന ഘട്ടങ്ങളുണ്ട്. അത് ചിലപ്പോള്‍ പാക് സ്പിന്നര്‍ സയീദ് അജ്മലിനെ അഭിമുഖീകരിക്കുമ്പോള്‍ പോലുമുണ്ടാവും അഫ്രീദി വ്യക്തമാക്കി.

Subscribe Us:

കോണ്‍ട്രവേര്‍ഷ്യലി യുവേഴ്‌സ് എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് അക്തര്‍ സച്ചിന് തന്നെ ഭയമായിരുന്നു എന്ന ഈ പരാമര്‍ശിച്ചത്. ഇത് വിവാദമായതിനെ തുടര്‍ന്ന് അക്തര്‍ പ്രസ്താവന മയപ്പെടുത്തുകയും ചെയ്തിരുന്നു.

2011 ഐ.സി.സി ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയ അഫ്രീദിയുടെ നടപടിയെ അക്തര്‍ ആത്മകഥയില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അക്തറിന്റെ ഈ പ്രസ്താവനയെ അഫ്രീദി വിമര്‍ശിക്കുകയാണ് ചെയ്തത്. അക്തറിനെ ദേശീയ ടീമില്‍ തിരിച്ചെത്തിക്കാന്‍ താന്‍ ചെയര്‍മാനോടും മാനേജരോടും ആവശ്യപ്പെട്ടത് അദ്ദേഹം ഓര്‍മ്മിക്കണമായിരുന്നു എന്നാണ് ഇക്കാര്യത്തോട് അഫ്രീദി പ്രതികരിച്ചത്.