കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനികദൗത്യം പരാജയത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക താലബാനുമായി അനുരഞ്ജ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നതായി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വ്യക്തമാക്കി. താലിബാനുമായി നേരത്തെ ചര്‍ച്ച നടക്കുന്നുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.

എന്നാല്‍ അമേരിക്കന്‍ ഭരണകൂടം കര്‍സായിയുടെ സ്ഥിരീകരണത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.

ചര്‍ച്ചയ്ക്കു മുന്നോടിയായി അല്‍ഖയിദയെയും താലിബാനെയും രണ്ടു പട്ടികകളിലായി വിഭജിച്ചുകൊണ്ടുള്ള പുതിയ ഉപരോധപട്ടിക യുഎന്‍ രക്ഷാസമിതി പുറത്തിറക്കിയിരുന്നു. ഇതുവഴി സാമ്പത്തിക, ആയുധ, യാത്രാ ഉപരോധങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഇരുസംഘടനകളോടും വ്യത്യസ്തസമീപനമായിരിക്കും സ്വീകരിക്കുക. അതേ സമയം സമാധാനസംരഭത്തില്‍ പങ്കെടുക്കാന്‍ താലിബാനെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരം നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎന്‍ കരിമ്പട്ടികയില്‍ ഇപ്പോള്‍ 138 താലിബാന്‍ നേതാക്കളും 253 അല്‍ഖയിദ നേതാക്കളുമുണ്ട്. അഫ്ഗാന്‍ ഭരണഘടന അംഗീകരിക്കുകയും അക്രമം ഉപേക്ഷിക്കുകയും അല്‍ഖായിദയില്‍നിന്ന് വേര്‍പിരിയുകയും ചെയ്യുന്നവര്‍ക്ക് ഭാവിയുണ്ടെന്ന് താലിബാനെ അറിയിച്ചതായി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ സൂസന്‍ റൈസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച അഫ്ഗാനിസ്ഥാനിലെ അനുരഞ്ജനശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി അറിയിച്ച ഇന്ത്യ, യുഎന്‍ സമിതി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാവുന്നുവെന്ന ആശങ്കയും യോഗത്തില്‍ ഉന്നയിച്ചു.

അഫ്ഗാനിസ്ഥാനിലെ 97000 യുഎസ് സൈനികരുടെ പിന്മാറ്റം ജൂലൈയില്‍ ആരംഭിക്കാനിരിക്കെയാണ് താലിബാനുമായുള്ള അമേരിക്കയുടെ ചര്‍ച്ച.