കാബൂള്‍: കാബൂളില്‍ ഫെബ്രുവരി 26നുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ ഇന്ത്യന്‍ മെഡിക്കല്‍ മിഷന്‍ ദൗത്യം അവസാനിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് ഇ്ത്യക്കാരില്‍ ഒരാള്‍ മെഡിക്കസംഘത്തില്‍പ്പെട്ടയാളായിരുന്നു. സംഘത്തിലെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണ്ടത്ര ആളില്ലാത്തത് കാരണം ദൗത്യം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായത്തോടെ ഇന്ദിരാഗാന്ധി ചൈല്‍ഡ് കെയര്‍ ഹോസ്പിറ്റല്‍ എന്ന പേരിയാണ് കാബൂളില്‍ സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ത്യാക്കാര്‍ സാധാരണ താമസിക്കുന്ന ഹോട്ടലിനു നേരെ മുംബൈയില്‍ നടന്ന പോലെയുള്ള ആക്രമണമാണുണ്ടായത്. ഇന്ത്യാക്കാര്‍ ഉള്‍പ്പടെ ആകെ 18 പേരാണ് മരിച്ചത്. ഇത്തരം ആക്രമണങ്ങള്‍കൊണ്ട് ഇന്ത്യയും അഫ്ഗാനുമായുള്ള ബന്ധത്തെ തകര്‍ക്കാനോ ഇന്ത്യയുടെ അഫ്ഗാനിലുള്ള പ്രവര്‍ത്തനത്തിനു
തടസമാവാനോ കഴിയില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം വ്യ്ക്തമാക്കിയിരുന്നു. അഫ്ഗാനില്‍ രണ്ടു ദിവസത്തെ പര്യടനം നടത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ഇന്ത്യയുടെ നിലപാട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മെഡിക്കല്‍ സംഘം ദൗത്യം അവസാനിപ്പിച്ചത്.