എഡിറ്റര്‍
എഡിറ്റര്‍
ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയ്ക്ക് എതിരെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 29th January 2014 4:20pm

jamathe-islami

കൊച്ചി: 1957ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയില്‍ പറയുന്ന പലകാര്യങ്ങളും രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ്  ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ജമാഅത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ നിരോധിക്കാന്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ പുസ്തകങ്ങളുടെ  ഉള്ളടക്കം മതനിരപേക്ഷതയെ അട്ടിമറിക്കുന്ന വിധത്തില്‍ ഉള്ളതാണ്.  ജമാഅത്തെ ഇസ്ലാമിയുടെ 97 പുസ്തകങ്ങള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ചു.

അനുയായികളെ ദേശീയ താല്‍പര്യത്തിനെതിരേ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അതിനെ നിരോധിക്കാന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇടതു തീവ്രവാദികളുമായും മതമൗലിക സംഘടനകളുമായും നിരന്തര ബന്ധം പുലര്‍ത്തുന്നതായും സര്‍ക്കാര്‍ ആരോപിച്ചു.

ജമാഅത്തിന് പണം വരുന്ന വഴികള്‍, ആശയങ്ങള്‍ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ സമദ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.

സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യങ്ങള്‍:

ദൈവത്തിന്റേതല്ലാത്ത സര്‍ക്കാര്‍ സംവിധാനത്തിലെ എല്ലാ പ്രധാന ജോലികളും നിയമനിര്‍മാണ സഭകളിലെ അംഗത്വങ്ങളും നീതിന്യായ സംവിധാനത്തിലെ ജോലികളും ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ ഉപേക്ഷിക്കണമെന്ന് ജമാഅത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ എട്ടില്‍ പറയുന്നു.

അങ്ങനെ എന്തെങ്കിലും ബന്ധം തുടരുന്നവര്‍ ഉടന്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആര്‍ട്ടിക്കിള്‍ ഒന്‍പത് ചൂണ്ടിക്കാട്ടുന്നു.

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു നിവൃത്തിയുമില്ലെങ്കിലേ ഇസ്ലാമികമല്ലാത്ത കോടതികളെ സമീപിക്കാന്‍ പാടുള്ളുവെന്നും ആര്‍ട്ടിക്കിള്‍ ഒന്‍പത് പറയുന്നുണ്ട്.

രാജ്യത്തു നിലനില്കുന്ന ജനാധിപത്യ സംവിധാനത്തോടുള്ള അനാദരവും നിന്ദയുമാണ് ഈ നിലപാടിലൂടെ വ്യക്തമാകുന്നതെന്നും ജമാഅത്ത്  ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമായതായും  സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

.

Advertisement