കോഴിക്കോട്: ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ. അജിതയും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയും കൂടിക്കാഴ്ച നടത്തിയതായി സത്യവാങ്മൂലം. 1999 ജനുവരി നാലിന് അന്നത്തെ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയായിരുന്ന ശേഖരന്‍ മിനിയോടന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അജിത നല്‍കിയ ഹരജിക്കെതിരെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അന്നത്തെ ഉത്തരമേഖലാ ഐ.ജിയായിരുന്ന ജേക്കബ് പുന്നൂസും, ഐസ്‌ക്രീം കേസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ശേഖരന്‍ മിനിയോടനുമാണ് സത്യവാങ്മൂലം നല്‍കിയത്. അന്നത്തെ എജിയായിരുന്ന എം.കെ ദാമോദരന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു രണ്ട് സത്യവാങ്മൂലവും.

ഐസ്‌ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ സാക്ഷിമൊഴികള്‍ അസ്ഥിരമാണ്. സാക്ഷികള്‍ പറഞ്ഞ സ്ഥലത്ത് കുഞ്ഞാലിക്കുട്ടി പോയിട്ടില്ലെന്നും, അദ്ദേഹത്തിന്റെ അനുയായികളെയും മറ്റും ചോദ്യം ചെയ്തതില്‍ നിന്നും ഇത് വ്യക്തമായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീംകേസില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്നുമായിരുന്നു ഇരുവരുടേയും നിലപാട്.

ഈ സത്യവാങ്മൂലത്തിന്റെ 21ാം ഖണ്ഡികയില്‍ ഒന്നരപേജോളം വരുന്ന ഭാഗത്തിലാണ് അജിതയും മഅദനും ഐസ്‌ക്രീംകേസിന്റെ കാര്യം ചര്‍ച്ചചെയ്തതായി ശേഖരന്‍ മിനിയോടന്‍ പറയുന്നത്. മഅദനി ഇടപെട്ട് മുസ് ലീം യുവാവിനെ ഐ.എസ്.ഐ പരിശീലനത്തിനായി അയച്ചു എന്ന കേസിന്റെ അന്വേഷണത്തിനിടയിലാണ് മഅദനിയും അജിതയും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി വ്യക്തമായതെന്ന് മിനിയോടന്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ ഇരുവരും ഭീകരവാദികളാണെന്നതിന് തെളിവുണ്ട്. ഇവര്‍ ക്രിമിനലുകളില്‍ പ്രതിയാക്കപ്പെട്ടവരാണെന്നും മിനിയോടന്‍ പറയുന്നു.

ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസുകളും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1998 ഫെബ്രുവരി 15ന് നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളിയാണ് മഅദനി. ഈ കേസില്‍ തമിഴ്‌നാട് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുകയാണ്. 1970കളില്‍ നടന്ന പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതിയാണ് കെ. അജിത. ആക്രമണത്തില്‍ തഹസില്‍ദാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അജിത ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ ഇരുവരും ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.