ദേശിയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു ഓസ്‌കാറിന് പോയേക്കും. ആദാമിന്റെ മകന്‍ അബു ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി പരിഗണിക്കണമെന്ന അന്‍പത്തിയെട്ടാമത് ഫീച്ചര്‍ ഫിലിം അവാര്‍ഡ് ജൂറിയുടെ നിര്‍ദ്ദേശം വന്നിരിക്കുകയാണ്. സലിംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഈ ചിത്രത്തിന് ഒസ്‌കാര്‍ എന്‍ട്രി ലഭിക്കുമ്പോള്‍ മലയാളിക്ക് അഭിമാനിക്കാം.

ഇന്ത്യന്‍ പനോരമ ആന്‍ഡ് നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് ഡയറക്ടര്‍ ഭുപേന്ദ്ര കൈന്തോലയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും ഇതുപോലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്ന ചിത്രത്തെ ഓസ്‌കാറിന് അയക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചതായി ഭുപേന്ദ്ര പറഞ്ഞു. ജെ.പി. ദത്ത അധ്യക്ഷനായുള്ള ദേശീയ അവാര്‍ഡ് ജൂറി ഇതിനായുള്ള റിപ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രി അംബിക സോണിക്ക് കൈമാറി.

ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട ഒരു ടീമാണ് ഇങ്ങനെ ദേശീയ അവാര്‍ഡിനായി ചിത്രത്തെ തെരഞ്ഞെടുക്കുന്നതും അതുകൊണ്ട് ജൂറി കണക്കാക്കുന്നത് ആ ചിത്രത്തെ ന്നെ ഓസ്‌കാറിന് വിടണമെന്നാണെന്ന് ഭൂേപന്ദ്ര പറഞ്ഞു. ജൂറിയുടെ അഭിപ്രായത്തില്‍നിന്നും മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആദാമിന്റെ മകന്‍ അബു’ ഒസ്‌കാറിന് എത്തും.

മലയാളത്തില്‍ നിന്നും ഒരു ചിത്രം ഓസ്‌കാര്‍ അവാര്‍്ഡ് തേടിപ്പോവുകയാണ്. ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ഓസ്‌കറിനായി ഒരു ചിത്രം അയയ്ക്കുകയെന്നതുതന്നെ വലിയ കാര്യമാണ്. ജൂറിയുടെ ഈ തീരുമാനം മലയാളത്തിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ സലിംകുമാര്‍, സറീന വഹാബ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

കലാഭവന്‍ മണി, നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച ഛായാഗ്രഹണം, മികച്ച പശ്ചാത്തലസംഗീതം എന്നിങ്ങനെ നാല് ദേശീയ അവാര്‍ഡുകളാണ് ചിത്രം നേടിയത്.