ചെന്നൈ: തദ്ദേശവാസികളുടെ ഉപരോധംമൂലം കൂടംകുളം ആണവനിലയത്തിന്റെ സംരക്ഷണജോലികള്‍ മുടങ്ങുന്നത് വന്‍ദുരന്തത്തിന് വഴിയൊരുക്കുമെന്ന് കേന്ദ്ര ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി. കൂടംകുളം പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച 15 അംഗ വിദഗ്ധ സമിതിയുടെ പ്രഥമ യോഗത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചെന്നൈയിലെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആണവനിലയത്തിലെ ഒന്നാമത്തെ റിയാക്ടറിന്റെ പണി ഇതിനകം തന്നെ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. റിയാക്ടറില്‍ യുറേനിയം നിറച്ച് ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഘനജല പരിശോധനയും നടന്നു. റിയാക്ടര്‍ പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ശീതീകരണ സംവിധാനം മുടങ്ങാന്‍ പാടില്ല. ഇതിന് കുറഞ്ഞപക്ഷം സംരക്ഷണ ജോലികളെങ്കിലും നടക്കണം. എന്നാല്‍ ഉപരോധംമൂലം ജോലിക്കാര്‍ക്ക് ആണവനിലയത്തിലേക്ക് കടക്കാനാവാത്തതിനാല്‍ ശീതീകരണ സംവിധാനം തകരാറിലാവാന്‍ സാധ്യതയുണ്ടെന്നാണ് ആണവോര്‍ജ്ജ കമ്മീഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് വന്‍ അപകടത്തിനും പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കാനും വഴിയൊരുക്കും അദ്ദേഹം പറഞ്ഞു.

Subscribe Us:

ആണവനിലയത്തിലെ ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും തടയുന്നത് ശരിയായ നടപടിയല്ലെന്ന് ശ്രീകുമാര്‍ ബാനര്‍ജി കുറ്റപ്പെടുത്തി. പ്രവര്‍ത്തനം തുടങ്ങിയ റിയാക്ടര്‍ അടച്ചുപൂട്ടാന്‍ കഴിയില്ല. അടച്ചുപൂട്ടിയാലും സംരക്ഷണജോലികള്‍ തുടര്‍ന്നില്ലെങ്കില്‍ അപകടമുണ്ടാവും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതി പരത്താനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് നിലയം അപകടത്തിന്റെ വക്കിലാണെന്ന ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്റെ പ്രസ്താവനയെന്ന് എസ്.പി. ഉദയകുമാര്‍ കുറ്റപ്പെടുത്തി.

അതിനിടെ, ആണവനിലയത്തിനെതിരായ സമരത്തിന് വിദേശ സാമ്പത്തികസഹായം ലഭിക്കുന്നതായി ന്യൂക്‌ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.പി.സി.ഐ.എല്‍) ചെയര്‍മാന്‍ എസ്.കെ. ജെയിന്‍ ആരോപിച്ചു. യു.എസ്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മനി എന്നീ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകള്‍ കൂടംകുളം സമരത്തിന് സഹായവുമായി പിന്നിലുണ്ടെന്നും അദ്ദേഹ പറഞ്ഞു. എന്നാല്‍ എസ്.കെ ജെയിന്‍ ഇതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും സമരസമിതി കണ്‍വീനര്‍ എസ്.പി ഉദയകുമാര്‍ ആവശ്യപ്പെട്ടു.