എഡിറ്റര്‍
എഡിറ്റര്‍
ബാലകൃഷ്ണപ്പിള്ള ആനയുളള തറവാട്ടുകാരനാണ്, നായര്‍ മാടമ്പിയാണ്, മുന്‍മന്ത്രിയാണ്; മുന്നോക്കക്കാരെ അഭിമാനിക്കൂ: മറ്റുള്ളവര്‍ അസൂയപ്പെടട്ടെ: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Thursday 18th May 2017 10:41am

തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ നിയമിക്കാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

ബാലകൃഷ്ണപിളള അങ്ങനെ വെറും കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളല്ലെന്നും ആനയുളള തറവാട്ടുകാരനും നായര്‍ മാടമ്പിയും മുന്‍മന്ത്രിയും ഇടമലയാര്‍ കേസില്‍ താമ്രപത്രം കിട്ടിയ പോരാളിയുമാണെന്നും അതുകൊണ്ട് ക്യാബിനറ്റ് റാങ്കിന് അര്‍ഹനാണെന്നും ജയശങ്കര്‍ പറയുന്നു.


Also Read മഞ്ജുവാര്യരെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലോക്കേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് 


മുന്നോക്ക സമുദായ കോര്‍പറേഷന്‍ പിളളയെ ഏല്‍പിച്ചതിനെ കുറിച്ച് സുകുമാരന്‍ നായര്‍ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ലെന്നും എതിര്‍ക്കാന്‍ ന്യായവുമില്ല എതിര്‍ത്തിട്ടു വിശേഷവുമില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സ.പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ തയ്യാറല്ല.

ഡോ.ജേക്കബ് തോമസിനെ മാറ്റി ഡ്യൂലക്‌സ് നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറും സംഗീത കലാനിധി ടോമിന്‍ തച്ചങ്കരിയെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയും ആക്കിയതിനുപിന്നാലെ മഹാരാജ രാജശ്രീ ആര്‍ ബാലകൃഷ്ണപിളളയെ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു.

ബാലകൃഷ്ണപിളള അങ്ങനെ വെറും കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായര്‍ മാടമ്പിയാണ്, മുന്‍മന്ത്രിയാണ്, ഇടമലയാര്‍ കേസില്‍ താമ്രപത്രം കിട്ടിയ പോരാളിയാണ്. അതുകൊണ്ട് ക്യാബിനറ്റ് റാങ്കും കൊടുത്തു.
മുന്നോക്ക സമുദായ കോര്‍പറേഷന്‍ പിളളയെ ഏല്പിച്ചതിനെ കുറിച്ച് സുകുമാരന്‍ നായര്‍ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല. എതിര്‍ക്കാന്‍ ന്യായമില്ല. എതിര്‍ത്തിട്ടു വിശേഷവുമില്ല.

ഒന്നാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായക്കാര്‍ക്കു നല്‍കുന്ന സമ്മാനമാണ് ബാലകൃഷ്ണപിളള. മുന്നോക്കക്കാര്‍ക്ക് അഭിമാനിക്കാം, മറ്റുള്ളവര്‍ക്ക് അസൂയപ്പെടാം. അത്രതന്നെ.

Advertisement