എഡിറ്റര്‍
എഡിറ്റര്‍
ഇനി വരുന്ന പ്രധാനമന്ത്രി കോണ്‍ഗ്രസില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ ആയിരിക്കില്ല: അദ്വാനി
എഡിറ്റര്‍
Monday 6th August 2012 8:30am

ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ശേഷം അധികാരത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റേയോ ബി.ജെ.പിയുടേയോ പ്രധാനമന്ത്രിയായിരിക്കില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി.

Ads By Google

തന്റെ ബ്‌ളോഗിലാണ് വിവാദമായേക്കാവുന്ന ഈ കുറിപ്പ് അദ്വാനി എഴുതിയത്. 2014ല്‍ കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ ബി.ജെ.പി പിന്തുണയോടെ അവരുടെ മുന്നണിയിലെ പാര്‍ട്ടികളില്‍നിന്നുള്ള ഒരാള്‍ നയിക്കുന്ന സര്‍ക്കാറിനുള്ള സാധ്യതയാണുള്ളത്.

ഇതിന് മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ചരണ്‍ സിങ്, ചന്ദ്രശേഖര്‍, ദേവ ഗൗഡ, ഐ.കെ.ഗുജ്‌റാള്‍ എന്നിവര്‍ കോണ്‍ഗ്രസ് പിന്തുണയോടെയും വി.പി.സിങ് ബി.ജെ.പി പിന്തുണയോടെയും രാജ്യം ഭരിച്ചവരാണ്. ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും 2014ല്‍ കോണ്‍ഗ്രസിന്റെ എം.പിമാരുടെ എണ്ണം രണ്ടക്കം കടക്കില്ലെന്നും അദ്വാനി ബ്ലോഗില്‍ പറയുന്നു.

എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്രമോഡിയുടെ കരുനീക്കങ്ങളും, അതിനെതിരെ ജനതാദള്‍ (യു) ഉയര്‍ത്തുന്ന പ്രതിരോധവും എന്‍.ഡി.എയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്കിടെയാണ് അദ്വാനിയുടെ തുറന്നുപറച്ചില്‍.

എന്നാല്‍,കോണ്‍ഗ്രസില്‍ നിന്നോ അല്ലെങ്കില്‍ ബി.ജെ.പിയില്‍നിന്നോ പ്രധാനമന്ത്രി ഉണ്ടാകുന്നതാണ് ഭരണസ്ഥിരതക്ക് ഏറ്റവും നല്ലതെന്നും അദ്വാനി പറയുന്നു.

യു.പി.എ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് അദ്വാനി നടത്തിയിരിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ ഏറ്റവും മോശമായ നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന് നഷ്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അദ്വാനി കുറ്റപ്പെടുത്തുന്നു.

Advertisement