ന്യൂഡല്‍ഹി: അഴിമതിക്കെതിരേ രാജ്യവ്യാപക രഥയാത്ര നടത്തുമെന്ന് എല്‍.കെ. അദ്വാനി . തന്റെ ഏറ്റവും അടുത്ത സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി ‘വോട്ടിന് കോഴ’ കേസില്‍ അറസ്റ്റിലാകാനിരിക്കേ, സംഭവത്തിന്റെ ഉത്തരവാദിത്തവും അദ്വാനി ഏറ്റെടുത്തു.

ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം അവസാനിച്ചയുടനെയാണ് അദ്വാനിയുടെ രഥയാത്ര പ്രഖ്യാപനം വന്നത്. യാത്രയുടെ സമയം, തുടങ്ങുന്ന സ്ഥലം തുടങ്ങി വിശദാംശങ്ങള്‍ പാര്‍ട്ടിയോട് ആലോചിച്ചു പ്രഖ്യാപിക്കുമെന്നും അഡ്വാനി പറഞ്ഞു. ശീതകാല സമ്മേളനത്തിനു മുന്‍പ് യാത്ര പൂര്‍ത്തിയാക്കുമെന്നും അദ്വാനി പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിക്കുവേണ്ടി നിലമൊരുക്കുകയെന്ന ലക്ഷ്യത്തിലാണു യാത്രയെന്നു ബി. ജെ. പി വൃത്തങ്ങള്‍ പറയുന്നു. അദ്വാനിയുടെ യാത്ര ഫലം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍, പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ നേതൃത്വത്തിനു വേണ്ടി നടത്തുന്ന മത്സരങ്ങള്‍ക്കിടെ തന്റെ അപ്രമാദിത്വം ഉറപ്പിക്കാനാണ് അദ്വാനിയുടെ ശ്രമമെന്നും കേള്‍വിയുണ്ട്.

1990ല്‍ ഗുജറാത്തില്‍ നിന്ന് അഡ്വാനി ആരംഭിച്ച രഥയാത്രയാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കും വഴിമരുന്നിട്ടത്.

2ജി സ്‌പെക്ട്രം കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയപ്പോള്‍ ആലോചന തുടങ്ങിയതാണ് ഇത്തരമൊരു യാത്ര നടത്താന്‍. സദ്ഭരണം, സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി രഥയാത്ര നടത്താനായിരുന്നു അഡ്വാനിയുടെ ആഗ്രഹം. എന്നാല്‍, അഴിമതിക്കെതിരേയാകുന്നതാണ് കൂടുതല്‍ നല്ലതെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് മുഖ്യ വിഷയമായി അഴിമതിയെ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചത്.