തിരുവനന്തപുരം: ന്യൂസ് 18 ചാനലില്‍ നിന്നും മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയനിരീക്ഷന്‍ അഡ്വ. എ. ജയശങ്കര്‍.

ദളിത് യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് കേസെടുത്തവര്‍ രാജ്യത്തെമ്പാടും നടക്കുന്ന ദളിത് പീഡനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരും തങ്ങളാല്‍ കഴിയും വിധം പ്രതികരിക്കുന്നവരുമാണെന്നും ജയശങ്കര്‍ പറയുന്നു.

ജാതീയമായ വിരോധം കൊണ്ടല്ല പ്രതികള്‍ യുവതിയോട് ഉടന്‍ രാജിക്കത്ത് എഴുതിത്തരണം എന്ന് ശഠിച്ചത്. നാനാ ജാതി മതസ്ഥരായ 17പേരെയാണ് പറഞ്ഞുവിടാന്‍ പദ്ധതിയിട്ടത്. ഏഴു പേരോട് രാജി ചോദിച്ചു, ബാക്കിയുളളവരോട് ജോലി ഉടന്‍ മെച്ചപ്പെടുത്തണം അല്ലെങ്കില്‍ തട്ടിക്കളയും എന്ന് നോട്ടീസ് കൊടുത്തു.

ഒരു പെണ്‍കുട്ടി പേടിച്ച് രാജി എഴുതിക്കൊടുത്തു, ഒരാള്‍ മരിക്കാന്‍ ഗുളിക കഴിച്ചു. മറ്റുളളവര്‍ മരിക്കണോ ജീവിക്കണോ എന്നറിയാതെ പകച്ചു നില്‍ക്കുന്നെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Dont Miss വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബി.ജെ.പി മന്ത്രി; മറ്റുള്ളവരെ വന്ദേമാതരം ചൊല്ലിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിക്കാരുടെ സ്ഥിതി ഇതാണ്


ഇത് അംബാനിയുടെ ചാനലിലെ മാത്രം കഥയല്ല. ഏറെക്കുറെ എല്ലായിടത്തും സ്ഥിതി ഒന്നുതന്നെയാണ്. വിപ്ലവ പാര്‍ട്ടി നടത്തുന്ന കൈരളി ചാനലാണ് കേരള ചരിത്രത്തിലെ ആദ്യത്തെ കൂട്ടപിരിച്ചുവിടല്‍ നടത്തിയത്. സമീപകാലത്ത് മീഡിയ വണ്‍ ചാനലിലും ഇതേ നാടകം അരങ്ങേറി. ആരും വിഷം കുടിച്ചില്ല എന്നുമാത്രം.

പല ചാനലുകളിലുമായി 15കൊല്ലം വരെ എക്‌സ്പീരിയന്‍സ് ഉളളവര്‍ക്കാണ് ന്യൂസ്18 നോട്ടീസ് കൊടുത്തു പിരിച്ചു വിടാന്‍ പോകുന്നത്. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ടിവി ചാനലുകള്‍ക്കു ബാധകമാക്കിയിട്ടില്ല എന്നതാണ് മുതലാളിമാര്‍ക്കും നടത്തിപ്പുകാര്‍ക്കുമുളള സൗകര്യമെന്നും ഒരു കാരണവും പറയാതെ ആരെയും പിരിച്ചുവിടാമെന്നും ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തിരുന്നു.

എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്.

പെര്‍ഫോമന്‍സ് മോശമാണെന്ന് ചൂണ്ടിക്കാണിച്ച് രാജി വയ്ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ദളിത് വനിതാ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ ചാനലിന്റെ ഓഫീസില്‍ വച്ചു തന്നെ ഗുളിക കഴിച്ച് അവര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അംബാനി മുതലാളിയുടെ ന്യൂസ്18 ചാനലിലെ ജോലി നഷ്ടപ്പെടും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ഒരു ദളിത് യുവതി ആത്മഹത്യക്കു ശ്രമിച്ചു. ചാനല്‍ നടത്തിപ്പുകാരായ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ദോഷം പറയരുതല്ലോ, രാജ്യത്തെമ്പാടും നടക്കുന്ന ദളിത് പീഡനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരും തങ്ങളാല്‍ കഴിയും വിധം പ്രതികരിക്കുന്നവരുമാണ് പ്രതികള്‍ നാലുപേരും.

ജാതീയമായ വിരോധം കൊണ്ടല്ല പ്രതികള്‍ യുവതിയോട് ഉടന്‍ രാജിക്കത്ത് എഴുതിത്തരണം എന്ന് ശഠിച്ചത്. നാനാ ജാതി മതസ്ഥരായ 17പേരെയാണ് പറഞ്ഞുവിടാന്‍ പ്ലാനിട്ടത്. ഏഴു പേരോട് രാജി ചോദിച്ചു, ബാക്കിയുളളവരോട് ജോലി ഉടന്‍ മെച്ചപ്പെടുത്തണം അല്ലെങ്കില്‍ തട്ടിക്കളയും എന്ന് നോട്ടീസ് കൊടുത്തു.

ഒരു പെണ്‍കുട്ടി പേടിച്ച് രാജി എഴുതിക്കൊടുത്തു, ഒരാള്‍ മരിക്കാന്‍ ഗുളിക കഴിച്ചു. മറ്റുളളവര്‍ മരിക്കണോ ജീവിക്കണോ എന്നറിയാതെ പകച്ചു നില്‍ക്കുന്നു.

ഇത് അംബാനിയുടെ ചാനലിലെ മാത്രം കഥയല്ല. ഏറെക്കുറെ എല്ലായിടത്തും സ്ഥിതി ഒന്നുതന്നെ. വിപ്ലവ പാര്‍ട്ടി നടത്തുന്ന കൈരളി ചാനലാണ് കേരള ചരിത്രത്തിലെ ആദ്യത്തെ കൂട്ടപിരിച്ചുവിടല്‍ നടത്തിയത്. സമീപകാലത്ത് മീഡിയ വണ്‍ ചാനലിലും ഇതേ നാടകം അരങ്ങേറി. ആരും വിഷം കുടിച്ചില്ല എന്നുമാത്രം.

പല ചാനലുകളിലുമായി 15കൊല്ലം വരെ എക്‌സ്പീരിയന്‍സ് ഉളളവര്‍ക്കാണ് ന്യൂസ്18 നോട്ടീസ് കൊടുത്തു പിരിച്ചു വിടാന്‍ പോകുന്നത്. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ടിവി ചാനലുകള്‍ക്കു ബാധകമാക്കിയിട്ടില്ല എന്നതാണ് മുതലാളിമാര്‍ക്കും നടത്തിപ്പുകാര്‍ക്കുമുളള സൗകര്യം. ഒരു കാരണവും പറയാതെ ആരെയും പിരിച്ചുവിടാം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 70കൊല്ലം തികയുന്നു. എല്ലാ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും (മുന്‍കൂര്‍) ആശംസകള്‍!