എഡിറ്റര്‍
എഡിറ്റര്‍
മനോരമയ്ക്കോ മാതൃഭൂമിക്കോ കിട്ടാത്ത ടേപ്പ് മംഗളത്തിന് കിട്ടിയതിന് പിന്നില്‍ സാമ്രാജ്യത്വ – ഫാസിസ്റ്റ് ഗൂഡാലോചനയുണ്ടോ; പരിഹാസവുമായി ജയശങ്കര്‍
എഡിറ്റര്‍
Tuesday 28th March 2017 10:57am

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന ലൈംഗികചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍.

ഓരോ ലൈംഗിക ആരോപണം വരുമ്പോഴും പ്രഖ്യാപിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുമെന്നും ഒരു അന്വേഷണവും നടക്കില്ലെന്നും ജയശങ്കര്‍ പറയുന്നു.

സോളാര്‍ സരിതാ വിവാദം അന്വേഷിച്ചു തീരുന്നമുറയ്ക്ക് ജസ്റ്റിസ് ജി.ശിവരാജന്‍ തന്നെയായിരിക്കും മംഗളം ടേപ്പും അന്വേഷിക്കുകയെന്നും റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ വെറെ ഇല്ലാത്തതുകൊണ്ട് മാത്രമല്ല ഇതെന്നും ഇക്കാര്യത്തില്‍ ഇദ്ദേഹത്തോളം പ്രാഗല്‍ഭ്യം ഇക്കാര്യത്തില്‍ മറ്റാര്‍ക്കും ഇല്ലാത്തതുകൊണ്ടാണെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിസഹിക്കുന്നു.
2000 ഫെബ്രുവരിയില്‍ നളിനി നെറ്റോയുടെ ആരോപണത്തെത്തുടര്‍ന്ന് ഗതാഗതമന്ത്രി നീലന്‍ രാജിവെച്ചപ്പോള്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് ജഡ്ജി ജി.ശശിധരനെ ഹൈക്കോടതി അന്വേഷണത്തിന് വിട്ടുകൊടുത്തു.

കമ്മീഷന്‍ നിക്ഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ചു നളിനി അന്വേഷണവുമായി സഹകരിച്ചില്ല. ചില സ്ത്രീ സംഘടനകള്‍ ശശിധരന്റെ കോലം കത്തിച്ചു. 2001 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ആന്റണി സര്‍ക്കാര്‍ ആദ്യം ചെയ്തകാര്യം ശശിധരന്‍ കമ്മീഷന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു.

2006 ഓഗസ്റ്റില്‍ വിമാന വിവാദത്തെ തുടര്‍ന്ന് മരാമത്തുമന്ത്രി പി.ജെ.ജോസഫ് രാജി വെച്ചപ്പോഴും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പക്ഷെ അത് വെറും പ്രഖ്യാപനത്തിലൊതുങ്ങി. ജഡ്ജിയെ നിയമിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.

മംഗളം ടേപ്പില്‍ കുടുങ്ങി ഗതാഗതമന്ത്രി ശശീന്ദ്രന്‍ രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

അന്വേഷണത്തിന്റെ Terms of Reference താഴെ പറയും പ്രകാരം ആയിരിക്കും.

1 മംഗളം ചാനല്‍ മാലോകരെ കേള്‍പ്പിച്ച ശബ്ദരേഖ മന്ത്രി ശശീന്ദ്രന്റേതു തന്നെയാണോ, അതോ വല്ല മിമിക്രിക്കാരെയും വെച്ച് ഡബ്ബ് ചെയ്തതാണോ ?

2 ശശീന്ദ്രന്റെ തപസ്സിളക്കിയ ഉര്‍വശി/ രംഭ ആരാണ് ?

3 മംഗളം ടേപ്പിനു പിന്നില്‍ കുവൈറ്റ് ചാണ്ടിയാണോ തച്ചങ്കരിയാണോ അതോ രണ്ടുപേരുമുണ്ടോ?

4 മനോരമയ്ക്കോ മാതൃഭൂമിക്കോ കിട്ടാത്ത ഈ ടേപ്പ് മംഗളത്തിന് എങ്ങനെ കിട്ടി? അതിനുപിന്നില്‍ സാമ്രാജ്യത്വ – ഫാസിസ്റ്റ് ഗൂഡാലോചനയുണ്ടോ ?

സോളാര്‍ സരിതാ വിവാദം അന്വേഷിച്ചു തീരുന്നമുറയ്ക്ക് ജസ്റ്റിസ് ജി.ശിവരാജന്‍ തന്നെയായിരിക്കും മംഗളം ടേപ്പും അന്വേഷിക്കുക. റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ വെറെ ഇല്ലാത്തതുകൊണ്ടല്ല ഇദ്ദേഹത്തോളം പ്രാഗല്‍ഭ്യം ഇക്കാര്യത്തില്‍ മറ്റാര്‍ക്കും ഇല്ലാത്തതുകൊണ്ടാണ്- ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

Advertisement